തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ്, പ്ലസ് ടു ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പർ യു ട്യൂബ് വഴി ചോർന്നെങ്കിലും പകരം പരീക്ഷ നടത്തുകയോ നിലവിൽ തുടരുന്ന പരീക്ഷ റദ്ദാക്കുകയോ ചെയ്യില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫിസ് അറിയിച്ചു. ഡിസംബർ 12ന് ആരംഭിച്ച പ്ലസ്‌ടു, പത്താം ക്ലാസ് പരീക്ഷകൾ 20 വരെയാണ് നടക്കുന്നത്.
നിലവിൽ തുടരുന്ന പരീക്ഷകൾ റദ്ദാക്കുകയോ പകരം പരീക്ഷ നടത്തുകയോ വേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനമെന്ന് മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ് സെക്രട്ടറി രാജീവ് പറഞ്ഞു. നിലവിലെ ടൈം ടേബിൾ പിന്തുടർന്ന് പരീക്ഷ നടത്തിയ ശേഷം ഫല പ്രഖ്യാപനം നടത്താനാണ് തീരുമാനം.
എന്നാൽ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരും. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് ഐഎഎസിന്‍റെ നേതൃത്വത്തിൽ ആറംഗ സമിതിയെ അന്വേഷണത്തിനായി നിശ്ചയിച്ചിട്ടുണ്ട്. അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് പൊതു വിദ്യാഭ്യാസ മന്ത്രിക്ക് നൽകണമെന്നാണ് അന്വേഷണ സമിതിക്ക് നൽകിയ നിർദേശം.
ചോദ്യപേപ്പർ ചോർച്ചയിലെ നടപടിയുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല സമിതി യോഗത്തിന് ശേഷമാണ് ആറംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. സംഭവത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. ക്രിസ്‌മസ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും അടങ്ങിയ യൂട്യൂബ് വീഡിയോ അപ്‌ലോഡ് ചെയ്‌ത കോഴിക്കോടുള്ള എം എസ് സൊല്യൂഷൻസ് സിഇഒ ശുഹൈബിനെ സംഭവവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും.
കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ് പി കെ മൊയ്‌തീൻ കുട്ടിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൽ നിന്നും ക്രൈം ബ്രാഞ്ച് വിവരങ്ങൾ തേടിയിരുന്നു. അതേസമയം ഇന്നത്തെ പരീക്ഷയുടെ സാധ്യതാ ചോദ്യങ്ങളുമായി എം എസ് സൊല്യൂഷൻസ് സിഇഒ ശുഹൈബ് വീണ്ടും യൂട്യൂബ് വീഡിയോ ഇന്നലെ അപ്‌ലോഡ് ചെയ്‌തിരുന്നു.
Be the first to comment