മെക്സിക്കോയുടെ ചരിത്രം തിരുത്തി ക്ലൗഡിയ ഷെയിൻബോം; രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ്

ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയുടെ ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ് പദവിയിലേക്ക് ഒരു വനിത. 58.3 ശതമാനം വോട്ടുകൾ നേടി ക്ലൗഡിയ ഷെയിൻബോം ആണ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ കാലാവസ്ഥ ശാസ്ത്രജ്ഞയായിരുന്നു മൊറേന പാർട്ടിയുടെ സ്ഥാനാർഥിയായ ക്ലൗഡിയ. ഏകദേശം 10 കോടി ആളുകളാണ് ഞായറാഴ്ച നടന്ന വോട്ടെടുപ്പിൽ ജനാധിപത്യ അവകാശം രേഖപ്പെടുത്തിയത്. കനത്ത ചൂടിനെ അവഗണിച്ച് വലിയ തിരക്കായിരുന്നു പോളിങ് സ്റ്റേഷനുകളിൽ രൂപപ്പെട്ടത്.

രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഏകദേശ കണക്കുകൾ പുറത്തുവിട്ടത്. അതുപ്രകാരം, ക്ലൗഡിയയുടെ പ്രധാന എതിരാളിയായിരുന്ന സൊചിതിൽ ഗാൽവേസിന് 26.6 ശതമാനം വോട്ടുകളാണ് നേടാനായത്. തിരഞ്ഞെടുപ്പിന്റെ പ്രചാരണ ഘട്ടത്തിലുടനീളം ഷെയിൻബോമിന്റെ ജയം ഉറപ്പിച്ച മട്ടായിരുന്നു, വലിയ ഭൂരിപക്ഷവും പ്രവചിക്കപ്പെട്ടിരുന്നു. എക്സിറ്റ് പോളുകളിൽ ഉൾപ്പെടെ ഇവയെ അടിവരയിടുന്നതുമായിരുന്നു.

മെക്സിക്കോയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ അക്രമാസക്തമായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. മുപ്പതോളം സ്ഥാനാർഥികൾ കൊല്ലപ്പെടുകയും തങ്ങൾക്കനുകൂലമായ നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള ക്രിമിനൽ സംഘങ്ങളുടെ പ്രവൃത്തിയുടെ ഭാഗമായി നൂറുകണക്കിന് സ്ഥാനാർത്ഥികൾ കൊഴിഞ്ഞുപോകുകയും ചെയ്തിരുന്നു.

2014-ൽ മൊറേന പാർട്ടി സ്ഥാപിച്ച പോപ്പുലിസ്റ്റ് നേതാവ് ആന്ദ്രേ ഒബ്രഡോറിന്റെ പാതയാണ് ഷെയിൻബോമും പിന്തുടരുന്നത്. ഒബ്രഡോറിന് ലഭിച്ചിരുന്ന പിന്തുണയും ഷെയിൻബോമിന് തുണയായി. പ്രായമായവർ, ഭർത്താവില്ലാത്ത മക്കൾക്കൊപ്പം താമസിക്കുന്ന സ്ത്രീകൾക്കുള്ള ധനസഹായം, രാജ്യത്തിൻറെ ദരിദ്രമായ പ്രദേശങ്ങളിൽ മുൻനിര അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവ ഉൾപ്പെടെയുള്ള ഒബ്രഡോറിന്റെ നയങ്ങൾ തുടരുമെന്നും ഷെയിൻബോം പറഞ്ഞിരുന്നു.

ഫെൻ്റനൈൽ മയക്കുമരുന്നുകൾ പ്രധാനമായും അമേരിക്കയിലേക്ക് എത്തുന്നത് മെക്സിക്കോയിലൂടെയാണെന്ന് റിപ്പോർട്ട്. കൂടാതെ അമേരിക്കയിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റവും മെക്സിക്കോ-അമേരിക്ക അതിർത്തിയിലൂടെയാണ് നടക്കുന്നത്. ഇവ തടയാനുള്ള വലിയ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നതിനിടയിലാണ് ഷെയിൻബോം അധികാരമേൽക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*