തിരുവനന്തപുരം : എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സിപിഐഎം എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. വിഷയം ഡിജിപി അന്വേഷിക്കും. എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കും. ചില പ്രശ്നങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പ്രശ്നങ്ങളെ അതിൻ്റെ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കും.
അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ.
അതേസമയം പോലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുന്നതിനിടെ അച്ചടക്കത്തിന്റെ ചട്ടക്കൂടിൽനിന്ന് പോലീസുകാർ വ്യതിചലിക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. പോലീസ് സംവിധാനത്തെക്കുറിച്ച് ധാരണവേണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പുഴുക്കുത്തുകളെ സേനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അത്തരക്കാരെ സംസ്ഥാനത്തിന് ആവശ്യമില്ലെന്നും കൂട്ടിച്ചേർത്തു.
കേരള പോലീസിന് വലിയ മാറ്റങ്ങളുണ്ടാക്കാനായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് നമ്മുടെ പോലീസെത്തി. പോലീസ് ജനസേവകരായി മാറിയെന്നും മാറ്റങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്നത് ഒരു വിഭാഗം മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. സത്യസന്ധതയോടെ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരാണ് ഏറെയും. അവർക്ക് മികച്ച പിന്തുണ നൽകും.
സൽപ്പേര് കളയുന്നവരെ സർക്കാരിന് കൃത്യമായി അറിയാം. കേരളത്തിലെ പോലീസ് സേനയെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.പി വി അൻവർ എംഎൽഎയും പത്തനംതിട്ട എസ്പി സുജിത്ത് ദാസും തമ്മിലുള്ള സംഭാഷണങ്ങളിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ഉണ്ടായ വിവാദങ്ങൾ കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയാണ്.
പാർട്ടി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയത്.
Be the first to comment