തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൻ്റെ റെയിൽവേ സ്റ്റേഷനടിയിൽ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. ഈ മാസം 18 വ്യാഴാഴ്‌ച രാവിലെ 11:30 ന് ഓൺലൈനായാണ് യോഗം ചേരുക. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം, റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും.
ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും. ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടുന്നത് വെള്ളത്തിന്‍റെ ഒഴുക്ക് തടയാനും തമ്പാനൂരിലും പരിസരത്തും വെള്ളക്കെട്ടുണ്ടാകുന്നതിനും ഇടയാക്കും. രോഗാണുക്കൾ പെരുകി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യോഗം.
Be the first to comment