‘സാറേ ഞങ്ങടെ സ്‌കൂള്‍ ഞങ്ങടെ സ്ഥലത്ത് തന്നെ വേണം’: മുഖ്യമന്ത്രിയോട് വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍; അവിടെത്തന്നെ കാണുമെന്ന് മുഖ്യമന്ത്രിയും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം തകര്‍ത്തെറിഞ്ഞ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തമായിരുന്നു കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിലെ പ്രധാന ആകര്‍ഷണം. ഉരുളെടുത്ത ജനതയുടെ കഥ പറഞ്ഞ് കുട്ടികള്‍ എല്ലാം മറന്നാടിയപ്പോള്‍ കാണികളുടെ കണ്ണ് നിറഞ്ഞു. ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു വാ.. ചിറകിന്‍ കുരത്താര്‍ന്നു വാനില്‍ പറക്കുക എന്ന് പറഞ്ഞ് പ്രത്യാശയുടെ സന്ദേശം പകര്‍ന്നാണ് കുട്ടികള്‍ നൃത്തം അവസാനിപ്പിച്ചത്. കുട്ടികളെ കാണാനും അനുഗ്രഹിക്കാനും മുഖ്യമന്ത്രി നേരിട്ടെത്തുകയും ചെയ്തു.

സാറേ ഞങ്ങടെ സ്‌കൂള്‍ ഞങ്ങടെ സ്ഥലത്ത് തന്നെ ഞങ്ങള്‍ക്ക് വേണമെന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത്. നിങ്ങടെ സ്‌കൂള്‍ നല്ല സ്‌കൂള്‍ അല്ലെ. അവിടെത്തന്നെയുണ്ടാകും – മുഖ്യമന്ത്രി വാക്ക് കൊടുക്കുകയും ചെയ്തു.

 

കുട്ടികളെ നേരില്‍ കണ്ടതിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പും മുഖ്യമന്ത്രി പങ്കിട്ടിട്ടുണ്ട്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയപ്പോള്‍ വെള്ളാര്‍മല സ്‌കൂളിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് തകരാതെ അവശേഷിച്ചത്. എന്നാല്‍ ആ വിദ്യാലയത്തിന്റെ ചൈതന്യം കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ അവിടത്തെ കുഞ്ഞുങ്ങള്‍ക്കാകുന്നു എന്നു തെളിയിച്ച നൃത്തശില്പമാണ് ഇന്ന് സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി കുറിച്ചു. പ്രതിസന്ധികളില്‍ തളരാത്ത കേരളത്തിന്റെ അജയ്യമായ കരുത്ത് ഏറ്റവും മനോഹരമായി ആവിഷ്‌കരിക്കപ്പെട്ട നിമിഷമായിരുന്നു അത്. അവരുടെ സംഘനൃത്തം നാടിന്റെ ഐക്യത്തിന്റെയും ആത്മവീര്യത്തിന്റെയും പ്രതീകമായി മാറി. കുട്ടികളെ കാണാനും ആശീര്‍വദിക്കാനും സാധിച്ചത് അനുപമമായ സന്തോഷമാണ് നല്‍കിയത്. അവര്‍ പകര്‍ന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഈ കലോല്‍സവം ഏറ്റവും മികച്ച രീതിയില്‍ നടത്താന്‍ സാധിക്കണം. വെള്ളാര്‍മല സ്‌കൂളിലെ കുഞ്ഞുങ്ങള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍! – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*