
ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷാ ഫോര്‍മുലയില്‍ കേന്ദ്രത്തെ ശക്തമായി വിമര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സര്‍ക്കാറിന്റെ വിരട്ടല്‍ തമിഴ്‌നാടിനോട് വേണ്ടെന്ന് സ്റ്റാലിന്‍ എക്‌സില്‍ കുറിച്ച്. മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഉപമുഖ്യമന്ത്രി രംഗത്തെത്തിയപ്പോള്‍ ടിവികെ അധ്യക്ഷനും നടനുമായ വിജയ് യും വിഷയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചു.
ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന വിദ്യാഭ്യാസ നയത്തില്‍ നിന്ന് ഒഴിവായി നില്‍ക്കാന്‍ തമിഴ്‌നാടിന് കഴിയില്ലെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രദാന്റെ വാക്കുകളാണ് വിമര്‍ശനത്തിനിടയാക്കിയത്. ഹിന്ദി പഠിക്കുന്നത് എങ്ങനെ ഭരണഘടനാപരമായ ഉത്തരവാദിത്വമാകുമെന്നും സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.പിന്നാലെ മുഖ്യമന്ത്രിയെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും രംഗത്തെത്തി. തമിഴ്‌നാടിനെ ആവശ്യമില്ലാതെ വിമര്‍ശിക്കുന്നത് തീക്കളിയായി മാറുമെന്നായിരുന്നു ഉദയനിധിയുടെ മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസമേഖലയില്‍ അര്‍ഹമായ സാമ്പത്തിക സഹായം ചോദിക്കുമ്പോള്‍ ഹിന്ദി പഠിക്കാന്‍ കേന്ദ്രമന്ത്രി പറയുന്നതായും ഉദയനിധി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റേത് ഫാസിസ്റ്റ് നടപടിയാണെന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഫണ്ട് തടഞ്ഞുവയ്ക്കുന്നതിനെ ന്യായീകരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളില്‍ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുമ്പോള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ സ്‌കൂളുകളെ ഒഴിവാക്കി നിര്‍ത്തുന്നുവെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ ആവശ്യപ്പെട്ടു. ഡിഎംകെയ്ക്ക് ഒപ്പം ടിവികെ കൂടി വിഷയം ചര്‍ച്ചയാക്കുന്നത് സംസ്ഥാനത്ത് ബിജെപിക്ക് തിരിച്ചടിയാകും.
Be the first to comment