‘ലഹരി പ്രതിരോധിക്കാന്‍ ഡി ഹണ്ട്’, സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന വാദം തെറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത സര്‍ക്കാരാണെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ലഹരിവ്യാപനം തടയാന്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു. ‘ലഹരി പ്രതിരോധിക്കാന്‍ ഡി ഹണ്ട് നടത്തി. പരിശോധനയില്‍ 2762 കേസ് രജിസ്റ്റര്‍ ചെയ്തു. ആന്റി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിയുടെ യഥാര്‍ത്ഥ സ്രോതസ്സിലേക്ക് എത്തിച്ചേരാന്‍ ശ്രമം നടത്തിയിട്ടുണ്ട്. വിമുക്തിയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടക്കുന്നു. എക്സൈസിന് ആയുധമില്ലെന്നാരോപണം തെറ്റാണ്. എക്സൈസ് വകുപ്പിന് 8 എംഎം ഓട്ടോ പിസ്റ്റള്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ട്. മയക്കു മരുന്ന് കേസിലെ ശിക്ഷ നിരക്ക് കേരളത്തില്‍ കൂടുതലാണ്. കേരളത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്’ മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം 15 മിനിറ്റ് കൊണ്ട് കേരളത്തിലെവിടെയും ലഹരി കിട്ടുന്ന അവസ്ഥയാണെന്നും ലഹരിയെ നേരിടാന്‍ കുറേക്കൂടി ഗൗരവമായ പ്ലാന്‍ നമുക്ക് ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

 

Be the first to comment

Leave a Reply

Your email address will not be published.


*