‘കേന്ദ്രത്തിന് കേരള വിരുദ്ധ സമീപനം; യുഡിഎഫ് എല്ലാ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ചു’; പിണറായി വിജയന്‍

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേളയില്‍ കേന്ദ്ര സര്‍ക്കാരിനെയും കേരളത്തിലെ പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍ നിന്ന് കേരള വിരുദ്ധ സമീപനം ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു സമീപനം സാധാരണ ഗവണ്‍മെന്റിനുണ്ടാകേണ്ടതല്ലെന്നും ആ മനോഭാവം വരുന്നത് കേന്ദ്രത്തില്‍ ഇന്ന് ഭരണ നേതൃത്വം വഹിക്കുന്ന ബിജെപിയില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആ മനോഭാവത്തിന് അടിസ്ഥാനമായി മാറുന്നത് കേരളമെന്ന സംസ്ഥാനം ബിജെപിക്ക് അന്യമായി നില്‍ക്കുന്നുവെന്നത് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് കേരളത്തെയും കേരളത്തിലെ ജനങ്ങളെയും ശത്രുക്കളായി കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഈ സമീപനം കേന്ദ്രം സ്വീകരിക്കുമ്പോള്‍ നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മുടെ നാടിന്റെ ഭാഗമായ മറ്റൊട്ടേറെ സംവിധാനങ്ങള്‍ തയാറായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നാടിന്റെ ഭാഗമായി നില്‍ക്കുന്ന പ്രതിപക്ഷത്തിന്റെ സമീപനം എന്തായിരുന്നു. ഇപ്പോള്‍ മുണ്ടക്കൈ – ചൂരല്‍മല പ്രശ്‌നത്തില്‍ കേരളത്തില്‍ യുഡിഎഫ് എംപിമാര്‍ എല്ലാം കൂടി കേന്ദ്ര ഗവണ്‍മെന്റിനെ കാണുന്നതിലും സമീപനത്തില്‍ പ്രതിഷേധിക്കുന്നതിലും തയാറായി എന്ന ഭാഗം കണ്ടു കൊണ്ട് തന്നെയാണ് ഞാന്‍ പറയുന്നത്. അതൊരു ആരോഗ്യകരമായ മാറ്റം തന്നെയായിരുന്നു. പക്ഷേ, യുഡിഎഫ് അതൊഴിച്ചുള്ള മറ്റു കാര്യങ്ങളില്‍ സ്വീകരിച്ച സമീപനം എന്തായിരുന്നു. എല്ലാ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിക്കുന്ന സമീപനമായിരുന്നില്ലേ? കേരളത്തെ എങ്ങനെയൊക്കെ കുറ്റപ്പെടുത്താന്‍ കഴിയുമെന്നല്ലേ നോക്കിയിരുന്നത് – അദ്ദേഹം ചോദിച്ചു.

മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കേന്ദ്രത്തെ അനുകൂലിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. നാടിന്റെ പ്രശ്‌നങ്ങള്‍ തുറന്ന് കാട്ടാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് കേരളത്തോട് വിരോധം ഉണ്ടാകേണ്ട കാര്യം ഉണ്ടോ ? – അദ്ദേഹം ചോദിച്ചു.

ഇനി എങ്ങനെ മുന്നോട്ട് പോകണം എന്നാണ് ചര്‍ച്ച ചെയ്തതെന്നും കേന്ദ്രം സഹായിച്ചില്ലെങ്കില്‍ മുന്നോട്ട് പോകേണ്ടന്ന് തീരുമാനിക്കാനാകുമോയെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വിഭവശേഷി ചോര്‍ത്താനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും ദുരന്തഘട്ടത്തില്‍ എല്ലാം നാം തകരട്ടെയെന്ന സമീപനമായിരുന്നു കേന്ദ്രത്തിനെന്നും അദ്ദേഹം വിമര്‍ശിച്ചു. നമ്മുടെ നാടിന് അസാമാന്യമായ ശേഷി് ഉണ്ടെന്നും അത് ജനങ്ങളുടെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. ആ കരുത്തിലൂടെയാണ് നാം പല പ്രതിസന്ധികളും തരണം ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം വലിയതോതില്‍ മാറിയെന്ന് രാജ്യം തന്നെ അംഗീകരിക്കുന്നുവെന്നും കേരളത്തിന്റെ പുതുവളര്‍ച്ച അംഗീകരിച്ചതിന്റെ ഉദാഹകരണമാണ് നിക്ഷേപ സംഗമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷേപ സംഗമം വിജയിക്കാന്‍ കാരണം നാടിന്റെ മാറ്റം. കേരളം വലിയതോതില്‍ മാറിയെന്ന് രാജ്യം തന്നെ അംഗീകരിക്കുന്നു. കേരളത്തിന്റെ പുതുവളര്‍ച്ച അംഗീകരിച്ചതിന്റെ ഉദാഹകരണമാണ് നിക്ഷേപ സംഗമം. നിക്ഷേപം നാടിന്റെ വികസനത്തിന് കാരണമാകും – മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Be the first to comment

Leave a Reply

Your email address will not be published.


*