‘നാടിൻ്റെ നന്മയുടെ കരുത്ത്; ഫലവത്താവുന്നത് വലിയ ജീവകാരുണ്യ ദൗത്യം’; മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായ ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വൈകാരിക നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ നന്മയുടെ കരുത്താണ് ഈ സ്ഥിതിയിൽ എത്തിച്ചത്. ജനങ്ങളുടെ സഹകരണം യോജിപ്പ് എന്നിവ കൊണ്ട് അസാധ്യം എന്നത് സാധ്യം ആകുന്നതാണ് അനുഭവമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വലിയൊരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താവുന്നത്. എല്ലാവരും സഹകരിച്ചത് നാടിൻ്റെ അപൂർവത. ദേശീയ-അന്തർ ദേശീയ മാതൃക ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട് വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോയ ഘട്ടത്തിലാണ് ഈ പദ്ധതി ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിലൂടെ മഹാമാരിയിലൂടെ കടന്ന് പോയ ഘട്ടം. സാമ്പത്തിക ഞരുക്കം ബാധിക്കാത്ത വിധം പുനരധിവാസ നടപടികൾ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മുടെ നാടിൻ്റെ ഐക്യം ഒരുമ എന്നത് കൊണ്ട് അസാധ്യത്തെ സാധ്യതയാക്കാനായതെന്ന് അദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിനെ ചടങ്ങിൽ മുഖ്യമന്ത്രി വിമർശിച്ചു. പുനരധിവാസത്തിനായി കേന്ദ്രസഹായം നിർഭാ​ഗ്യവശാൽ ലഭിച്ചില്ലെന്നും ഇനി എന്ത് ലഭിക്കും എന്ന് പ്രതീക്ഷാർ കഴിയാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സഹായവുമായി കിട്ടിയത് പരിമിതമായ തിരിച്ചടവ് വായ്പ എന്ന രീതിയിലാണെന്ന് അദേഹം പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് വലിയ സഹായം പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. അസാധാരണ ദേശീയ ദുരന്തം എന്ന നിലയിൽ ഇടപെടൽ പ്രതീക്ഷിച്ചു. എന്നാൽ അതും ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളതിൻ്റെ തനത് മാതൃകയായി മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതി വിലയിരുന്നപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനം ഒപ്പം നിൽക്കും എങ്കിൽ ഒന്നും അസാധ്യമായില്ല. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാൻ കഴിയില്ല. നാം എന്തിനേയും അതിജീവിക്കും എന്നാണ് ഈ പുനരധിവാസം നൽകുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുനരധിവാസത്തിനായി 20 കോടി രൂപ നൽകും എന്ന കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്ത് ചടങ്ങിൽ മുഖ്യമന്ത്രി വായിച്ചു. കൂടാതെ പുനരധിനവാസത്തിനായി ഒപ്പം നിന്ന സംഘടനകളെ മുഖ്യമന്ത്രി പ്രശംസിക്കുകയും ചെയ്തു.

കൽപ്പറ്റ ബൈപ്പാസിനടുത്ത് എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 38 ക്ലസ്റ്ററുകളിലായി 430 വീടുകളാണ് ഒരുങ്ങുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സെന്റിലായിരിക്കും ഓരോ വീടും ഒരുങ്ങുക. 1000 ചതുരശ്ര അടിയിൽ ഒരുനില വീട് ആണ് ടൗൺഷിപ്പിൽ ഉയരുക. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടുകൾക്കും ഉണ്ടാകും. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യസംസ്കരണ സംവിധാനം എന്നിവ ടൗൺഷിപ്പിൽ ഒരുങ്ങും.

Be the first to comment

Leave a Reply

Your email address will not be published.


*