പി ആർ ഏജൻസി വിവാദത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. പി ആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. എന്നാൽ അഭിമുഖത്തിന് പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മലപ്പുറം പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ഹിന്ദു തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട് ആണ് കേരളമെന്നും വർഗീയശക്തികളുടെ എക്കാലത്തെയും ആക്രമണ ലക്ഷ്യമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖം വൻ വിവാദത്തിനിടയാക്കിയിരുന്നു.
തനിക്കോ സർക്കാരിനോ പി ആർ ഏജൻസിയുമായി യാതൊരു ബന്ധവുമില്ലെന്നും ഒരു ഏജൻസിക്കും പൈസ നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. താനോ സർക്കാരോ ഒരു പിആർ ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. വന്നയാളെയും ഏജൻസിയേയും തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Be the first to comment