സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണം; ഹൈക്കോടതിയില്‍ അമികസ് ക്യൂറി നിലപാടറിയിച്ചു

കൊച്ചി: സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അമികസ് ക്യൂറി നിലപാട് അറിയിച്ചത്. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊതുപ്രവർത്തകനായ ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

സിഎംആര്‍എല്‍ കമ്പനിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഗൗരവതരമാണെന്ന് അമികസ് ക്യൂറി അഖില്‍ വിജയ് അറിയിച്ചു. വ്യാപക പ്രതിഷേധം ഉയര്‍ന്ന സമയത്ത് സിഎംആര്‍എല്‍ സംസ്ഥാനത്തെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖ നേതാക്കള്‍ക്ക് കോഴ നല്‍കിയെന്നാണ് ആക്ഷേപം. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ മറയ്ക്കാന്‍ സിഎംആര്‍എല്‍ ആദായ നികുതി വകുപ്പിന് നല്‍കിയ രേഖകളില്‍ ചെലവ് പെരുപ്പിച്ച് കാട്ടിയെന്നും അമികസ് ക്യൂറി അഖില്‍ വിജയ് ഹൈക്കോടതിയെ അറിയിച്ചു.

സംശയകരമായ ഇടപാടുകളുടെ തെളിവുകള്‍ ആദായനികുതി വകുപ്പ് സിഎംആര്‍എലില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്. കോഴ നല്‍കിയെന്നതിന് ആദായനികുതി വകുപ്പിന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീണ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് മകള്‍ വീണ വിജയന്‍ പണം വാങ്ങിയത് എന്നത് വ്യക്തതയുള്ള ആരോപണമാണ്. ഇതില്‍ വ്യക്തത വരുത്തുന്നതാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്നിലെ മൊഴികളെന്നുമാണ് അമികസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചത്.

എക്‌സാലോജിക് നല്‍കിയ സേവനത്തെക്കുറിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് ധാരണയില്ല. സേവനത്തില്‍ വ്യക്തതയില്ലെന്നാണ് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിനെ അറിയിച്ചത്. വ്യക്തതയില്ലാത്ത മറുപടി നല്‍കിയതിനാലാണ് വീണയ്‌ക്കെതിരെ എസ്എഫ്‌ഐഒ അന്വേഷണം നടത്തുന്നതെന്നും അമികസ് ക്യൂറി അഖില്‍ വിജയ് ഹൈക്കോടതിയെ അറിയിച്ചു.

ബാര്‍ ഉടമ ബിജു രമേശ് മാധ്യമത്തിന് നല്‍കിയ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തിലാണ് ബാര്‍ കോഴയില്‍ അന്നത്തെ ധനമന്ത്രി കെഎം മാണിക്കെതിരായ പ്രാഥമിക അന്വേഷണം വിജിലന്‍സ് നടത്തിയത്. അതേ രീതിയില്‍ സിഎംആര്‍എല്‍ ഇടപാടുകളിലും പ്രാഥമിക അന്വേഷണം ആകാമെന്നും അമികസ് ക്യൂറി നിലപാടെടുത്തു.

സിഎംആര്‍എല്‍ നടത്തിയ ഇടപാടുകളില്‍ കുറ്റകൃത്യമുണ്ടെന്ന് തെളിഞ്ഞാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. കുറ്റകൃത്യമില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞാല്‍ വിഷയം ഇവിടെ അവസാനിക്കും. ജി ഗിരീഷ് ബാബു ആവശ്യമായ തെളിവുകള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കി. എന്നാല്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ വിധി. ഈ വിധിയില്‍ പിഴവുണ്ടെന്നുമാണ് അമികസ് ക്യൂറി സ്വീകരിച്ച നിലപാട്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണ തൈക്കണ്ടിയില്‍, മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ രമേശ് ചെന്നിത്തല, ലീഗ് നേതാക്കളും മുന്‍ മന്ത്രിമാരുമായ പികെ കുഞ്ഞാലിക്കുട്ടി, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഹര്‍ജിയിലെ എതിര്‍ കക്ഷികള്‍. റിവിഷന്‍ ഹര്‍ജിയില്‍ എല്ലാവരുടെയും വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

മാധ്യമ വാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. പൊതുപ്രവര്‍ത്തകനായ ജി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജി തള്ളിയാണ് വിജിലന്‍സ് കോടതിയുടെ നിലപാട്. ഇതിനെതിരെ ജി ഗിരീഷ് ബാബു ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഹര്‍ജിക്കാരന്‍ അന്തരിച്ചു.

കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ജി ഗിരീഷ് ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ജി ഗിരീഷ് ബാബുവിന്റെ അഭിഭാഷകനെ ഹര്‍ജിയില്‍ നിന്ന് നീക്കി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് അഭിഭാഷകനായ അഖില്‍ വിജയിയെ അമികസ് ക്യൂറിയായി നിയോഗിച്ചത്. ഹര്‍ജിക്കാരന്‍ നിലവിലില്ലെങ്കിലും ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. തുടര്‍ന്നാണ് ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് വിശദമായ വാദം കേട്ടതും വിധി പറയാന്‍ മാറ്റിയതും.

Be the first to comment

Leave a Reply

Your email address will not be published.


*