സഹകരണ ബാങ്ക് തട്ടിപ്പ് മുറ്റത്തെ മുല്ല പദ്ധതിയിലും; വീട്ടമ്മമാർക്ക് ജപ്തി നോട്ടീസ്

മുറ്റത്തെ മുല്ല പദ്ധതിയുടെ മറവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ലോൺ തട്ടിയതായി പരാതി. കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് മുറ്റത്തെ മുല്ല പദ്ധതി പ്രകാരമാണ് ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പണം തട്ടിയതെന്നാണ് സൂചന. തട്ടിപ്പ് ബാങ്ക് അധികൃതരുടെ അറിവോടെയെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ചൊവ്വന്നൂർ പഞ്ചായത്തിലെ പഴുന്നാനയിലാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ മുറ്റത്തെ മുല്ല പദ്ധതിയുടെ മറവിൽ പത്തോളം വീട്ടമ്മമാരെ കബളിപ്പിച്ച് കാണിപ്പയ്യൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നും 10 ലക്ഷം രൂപ ലോൺ എടുത്തത്. ലോൺ തിരിച്ചടക്കാതെ വന്നതോടെ 11 ലക്ഷത്തിലധികം രൂപ തിരിച്ചടയ്ക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടികളുമായി മുന്നോട്ടു പോകുമെന്നും കാണിച്ച് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെയാണ് വീട്ടമ്മമാർ വിവരം അറിയുന്നത്.

ജപ്തി നോട്ടീസ് ലഭിച്ച 7 വീട്ടമ്മമാരിൽ 6 പേരും വിധവകളും ഒരാൾ ക്യാൻസർ രോഗിയുമാണ്. ആധാർ കാർഡ് ഉപയോഗിച്ചാണ് തങ്ങളുടെ പേരിൽ 10 ലക്ഷത്തോളം രൂപ ലോണെടുത്തതെന്ന് വീട്ടമ്മമാർ പറഞ്ഞു. തങ്ങൾ അറിയാതെയാണ് ബാങ്ക് അധികൃതർ തുക ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് നൽകിയതെന്നും വീട്ടമ്മമാർ ആരോപിച്ചു.

ബാങ്കിൽ മുൻപും ഇത്തരത്തിൽ തട്ടിപ്പുകൾ നടന്നതായും ആരോപണമുണ്ട്. ലോണെടുത്ത തുക തിരിച്ചടക്കാതെ വന്നതോടെ ക്യാൻസർ രോഗി ഉൾപ്പെടെ 7 വീട്ടമ്മമാർക്കാണ് ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. സംഭവത്തിൽ പഴുന്നാന ചെമ്മന്തിട്ട സ്വദേശികളായ ജാനു, അമ്മിണി, ലളിതാ, മിനി, അനിത, പ്രിയ,അമ്മിണി എന്നിവർ കുന്നംകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*