293.85 ശതമാനം വളര്‍ച്ച, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി സര്‍വകാല റെക്കോര്‍ഡില്‍

ന്യൂഡല്‍ഹി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഓഹരി വിപണിയില്‍ പത്തുശതമാനം ഉയര്‍ന്നതോടെ 2684.20 രൂപയായി ഉയര്‍ന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് പുതിയ ഉയരം കുറിച്ചു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 293.85 ശതമാനത്തിന്റെ വളര്‍ച്ച നേടിയാണ് നേട്ടം കൈവരിച്ചത്.

കമ്പനിയുടെ ഉപകമ്പനി അടുത്തിടെ 1,100 കോടി രൂപ വിലമതിക്കുന്ന ഒരു അന്താരാഷ്ട്ര ഓര്‍ഡര്‍ നേടിയിരുന്നു. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്. എട്ട് ടിഡിഡബ്ല്യൂ ഡ്രൈ കാര്‍ഗോ വെസലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്.

6300 TDW ഡ്രൈ കാര്‍ഗോ വെസലുകള്‍ നാലെണ്ണം രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് നോര്‍വേയിലെ വില്‍സണ്‍ എഎസ്എയുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്.

ഇതിന് പുറമേ അധികമായി 4 കപ്പലുകള്‍ കൂടി നിര്‍മ്മിക്കുന്നതിനും ഇരു കമ്പനികളും തമ്മില്‍ ധാരണയായിട്ടുണ്ട്. 1,100 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്. കപ്പല്‍ നിര്‍മ്മാണം 2028 സെപ്റ്റംബറിനകം പൂര്‍ത്തിയാക്കുമെന്നും ബിഎസ്ഇ ഫയലിംഗില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*