ബംഗളൂരു: കര്‍ണാടകയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം 5.85 കോടി രൂപയും 21.48 കോടി രൂപയുടെ മദ്യവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബുധനാഴ്ച കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
‘മാര്‍ച്ച് 16നാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. 21.48 കോടി രൂപ വില മതിക്കുന്ന 6.84 ലക്ഷം ലിറ്റര്‍ മദ്യവും 15 ലക്ഷം രൂപ വില വരുന്ന 24.3 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളും 27 കോടിയിലധികം വിലമതിക്കുന്ന ലോഹങ്ങളുമാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും പോലീസ് സംഘങ്ങളും ചേര്‍ന്ന് പിടികൂടിയത്. ബീജാപൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലും വിജയപുര ജില്ലയില്‍ നിന്നുമായി 2,93,50,000 രൂപയാണ് സൈബര്‍ ഇക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക്‌സ് സംഘം പിടിച്ചെടുത്തത്. ബെല്ലാരി പാര്‍ലമെന്റ് മണ്ഡലത്തിലെ സിരഗുപ്പ താലൂക്കില്‍ നിന്ന് 32,92,500 രൂപയും കൊപ്പല്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ബന്നിക്കൊപ്പ ചെക്ക്‌പോസ്റ്റില്‍ നിന്ന് 50,00,000 രൂപയുമാണ് പിടികൂടിയതായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
രേഖകളില്ലാത്ത പണം, അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 205 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50,000 ഓളം ആയുധങ്ങളും പിടിച്ചെടുത്തു. എട്ട് ആയുധ ലൈസന്‍സുകള്‍ റദ്ദാക്കി. വിവിധ സംഭവങ്ങളിലായി 2,725 പേരെ പിടികൂടിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി ഏപ്രില്‍ 26നും മെയ് ഏഴിനുമാണ് കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Be the first to comment