വായുമലിനീകരണത്തിന്റെ ദുരിതത്തിനിടെ ഡല്‍ഹിക്ക് വെല്ലുവിളിയായി തണുപ്പും; സീസണിലെ ഏറ്റവും കുറഞ്ഞ താപനില, 11.2 ഡിഗ്രി

ന്യൂഡല്‍ഹി: വായുമലിനീകരണത്തിന്റെ ദുരിതം പേറുന്ന ഡല്‍ഹി നിവാസികള്‍ക്ക് വെല്ലുവിളിയായി തണുപ്പും. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 11.2 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജംഗില്‍ 16.1 ഡിഗ്രി സെല്‍ഷ്യസായിരുന്നു കുറഞ്ഞ താപനില. ഹിമാലയന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയ്ക്ക് ഇടയാക്കുന്ന പടിഞ്ഞാറന്‍ അസ്വസ്ഥതയാണ് ഡല്‍ഹി താപനിലയിലെ ഇടിവിന് കാരണം.റിഡ്ജില്‍ 11.2 ഡിഗ്രി സെല്‍ഷ്യസ്, അയനഗര്‍ 14.4 ഡിഗ്രി സെല്‍ഷ്യസ്, ലോധി റോഡ് 15 ഡിഗ്രി സെല്‍ഷ്യസ്, പാലം 16.8 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് ഡല്‍ഹിയിലെ മറ്റു പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയ താപനില.

അതേസമയം, ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചികയില്‍ നേരിയ പുരോഗതിയുണ്ടായി. രാവിലെ 9 മണിക്ക് വായുനിലവാര സൂചി 426 ആയി കുറഞ്ഞു. രാവിലെ 6 മണിക്ക് 432 ആയിരുന്നു. എന്നാലും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുപ്രകാരം ഇത് കടുത്ത വിഭാഗത്തില്‍ തന്നെ തുടരുന്നു. ആനന്ദ് വിഹാര്‍ 473, പട്പര്‍ഗഞ്ച് 472, അശോക് വിഹാര്‍ 471, ജഹാംഗീര്‍പുരി 470 എന്നിങ്ങനെയാണ് വിവിധ പ്രദേശങ്ങളിലെ വായു ഗുണനിലവാര സൂചിക.

Be the first to comment

Leave a Reply

Your email address will not be published.


*