ഇന്ത്യക്ക് നിരാശ; കോമൺവെൽത്ത് ഗെയിംസിൽനിന്ന് ക്രിക്കറ്റ്, ഹോക്കി അടക്കം നിരവധി ഇനങ്ങള്‍ ഒഴിവാക്കി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി 2026 ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിലെ നിരവധി മത്സരയിനങ്ങള്‍ ഒഴിവാക്കി. പ്രധാന ഇനങ്ങളായ ഹോക്കി, ഗുസ്‌തി, ഷൂട്ടിങ്, ബാഡ്‌മിന്‍റണ്‍ എന്നിവയടക്കം വെട്ടിച്ചുരുക്കിയെന്നാണ് റിപ്പോർട്ട്. അധികൃതരുടെ നീക്കം ഇന്ത്യക്ക് കനത്ത നിരാശയാണ് സമ്മാനിച്ചത്. 1998 ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അരങ്ങേറിയ ഹോക്കി പിന്നീട് നടന്ന ഗെയിംസിലെല്ലാം സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ചെലവ് കുറക്കലിന്‍റെ ഭാഗമായിട്ടാണ് ഇനങ്ങൾ ഒഴിവാക്കിയതെന്നാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷന്‍റെ വിശദീകരണം. ഗെയിംസിലെ മത്സരയിനങ്ങൾ തീരുമാനിക്കുന്നത് ആതിഥേയ നഗരത്തിന്‍റെ അധികാരമാണ്. ഗ്ലാസ്‌ഗോ ആതിഥ്യം വഹിക്കുന്ന കോമൺവെൽത്ത് ഗെയിംസ് 2026 ജൂലൈ 23 മുതൽ ഓഗസ്റ്റ് 2 വരെ നടക്കും.

ഇതോടെ ആകെ ഗെയിംസിലെ മത്സര ഇനങ്ങളുടെ എണ്ണം പത്തായി ചുരുങ്ങി. അത്‌ലറ്റിക്‌സ് ആന്‍ഡ് പാരാ അത്‌ലറ്റിക്‌സ്, നീന്തല്‍ ആന്‍ഡ് പാരാ നീന്തല്‍, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ട്രാക്ക് സൈക്ലിങ് ആന്‍ഡ് പാരാ ട്രാക്ക് സൈക്ലിങ്, നെറ്റ് ബോള്‍, ഭാരോദ്വഹനം ആന്‍ഡ് പാരാ ഭാരോദ്വഹനം, ബോക്‌സിങ്, ജൂഡോ, ബൗള്‍സ് ആന്‍ഡ് പാരാ ബൗള്‍സ്, 3 x 3 ബാസ്‌കറ്റ് ബോള്‍ ആന്‍ഡ് 3 x 3 വീല്‍ചെയര്‍ ബാസ്‌കറ്റ് ബോള്‍ എന്നിവയില്‍ മാത്രമേ അടുത്ത പതിപ്പില്‍ മല്‍സരങ്ങുള്ളൂ.

2022ൽ ബർമിങ്ങാം ഗെയിംസില്‍ ഇരുപത് മത്സരയിനങ്ങളായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന ഇന്ത്യ നേടിയ 61 മെഡലുകളിൽ 37 എണ്ണവും ഇപ്പോൾ ഒഴിവാക്കിയ 9 ഇനങ്ങളിൽ നിന്നായിരുന്നു. മുൻ പതിപ്പുകളിൽ രാജ്യത്തിന്‍റെ പങ്കാളിത്തം കൂടുതലും ഒഴിവാക്കപ്പെട്ട ഗെയിമുകളിൽ നിന്നായിരുന്നു.

ഓസ്ട്രേലിയയിലെ വിക്ടോറിയയിലായിരുന്നു 2026 ലെ ഗെയിംസ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗെയിംസ് നടത്താനുള്ള സാമ്പത്തിക ചെലവിനെ തുടർന്ന് വിക്ടോറിയ പിന്മാറുകയായിരുന്നു.ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ഗെയിംസ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സാമ്പത്തികം വില്ലനാവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അവസാന നിമിഷം ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ സ്‌കോട്ട്‌ലൻഡ് രംഗത്തുവന്നത്. ഇതിന് മുന്‍പ് 2014ല്‍ ആണ് ഗ്ലാസ്‌ഗോയിൽ കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘടിപ്പിച്ചത്. ഇന്ത്യക്ക് കൂടുതൽ മെഡൽ ലഭിക്കുന്ന ഇനങ്ങൾ വെട്ടിക്കുറച്ചതിനാല്‍ ഇക്കാര്യത്തിൽ അധികൃതരെ പ്രതിഷേധം അറിയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*