കമ്പനികളുടെ ലാഭം കൂടി ; ഇന്ധനവില മൂന്ന് രൂപ വരെ താഴ്ത്താമെന്ന് ഐസിആര്‍എ

ന്യൂഡല്‍ഹി : അസംസ്‌കൃത എണ്ണ വില കുറഞ്ഞതോടെ മാര്‍ജിന്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിനെ കുറിച്ച് എണ്ണ വിതരണ കമ്പനികള്‍ക്ക് ആലോചിക്കാവുന്നതാണെന്ന് റേറ്റിങ് ഏജന്‍സി ഐസിആര്‍എ. നിലവിലെ സാഹചര്യത്തില്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ലിറ്ററിന് 2 മുതല്‍ 3 രൂപ വരെ കുറയ്ക്കുന്നതില്‍ വലിയ ബുദ്ധിമുട്ടില്ല. 

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണ വില സെപ്റ്റംബറില്‍ ബാരലിന് ശരാശരി 74 ഡോളറായിരുന്നു. മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 2 രൂപ കുറച്ച സമയത്തുപോലും ബാരലിന് 83- 84 ഡോളറായിരുന്നു അസംസ്‌കൃത എണ്ണവില. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് എണ്ണ വിതരണ കമ്പനികളുടെ മാര്‍ജിന്‍ മെച്ചപ്പെടാന്‍ സഹായിച്ചു. ഇത് ഇന്ധനവില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് മുന്നില്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെന്നും ഐസിആര്‍എയുടെ പ്രസ്താവനയില്‍ പറയുന്നു.

‘അന്താരാഷ്ട്ര വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ആഭ്യന്തര വിപണിയിലെ പെട്രോള്‍ വില്‍പ്പനയില്‍ ലിറ്ററിന് 15 രൂപയും ഡീസല്‍ വില്‍പ്പനയില്‍ 12 രൂപയും എണ്ണവിതരണ കമ്പനികള്‍ക്ക് മാര്‍ജിന്‍ ലഭിക്കുന്നുണ്ട്. മാര്‍ച്ച് മുതല്‍ ഇന്ധനവിലയില്‍ മാറ്റമില്ല. അസംസ്‌കൃത എണ്ണവില മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ 2-3 രൂപ കുറയ്ക്കാനുള്ള അനുകൂല സാഹചര്യം എണ്ണ വിതരണ കമ്പനികള്‍ക്ക് ഉണ്ട്’- ഐസിആര്‍എയുടെ കോര്‍പ്പറേറ്റ് റേറ്റിംഗ്സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ പറഞ്ഞു.കഴിഞ്ഞ കുറച്ച് മാസങ്ങളായി അസംസ്‌കൃത എണ്ണ വില കുത്തനെ ഇടിയുകയാണ്. 

പ്രധാനമായി ദുര്‍ബലമായ ആഗോള സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന യുഎസ് ഉല്‍പ്പാദനവും ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചത് രണ്ടുമാസത്തേയ്ക്ക് മാറ്റിവെച്ചതുമാണ് അസംസ്‌കൃത എണ്ണ വില കുറയാന്‍ കാരണം.

Be the first to comment

Leave a Reply

Your email address will not be published.


*