മാവോയിസ്റ്റെന്ന സംശയത്തിൽ തടങ്കലിൽ വെച്ചയാൾക്ക് നഷ്ടപരിഹാരം; വിധിക്കെതിരായ കേരളത്തിന്റെ ഹർജി തള്ളി സുപ്രീം കോടതി

മാവോയിസ്റ്റാണെന്ന സംശയത്തിൽ പോലീസ് നിയമവിരുദ്ധമായി തടങ്കലിൽ വെച്ച ആൾക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട കേരള ഹൈക്കോടതി വിധിക്കെതിരെ കേരളം ഫയൽ ചെയ്ത സ്‌പെഷ്യൽ ലീവ് പെറ്റീഷൻ തള്ളി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 136 പ്രകാരമുള്ള അധികാരപരിധി ഉപയോഗിച്ച്, ഹൈക്കോടതി പുറപ്പെടുവിച്ച കുറ്റമറ്റ ഉത്തരവിൽ ഇടപെടാൻ യാതൊരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനത്തിന്റെ ഹർജി തള്ളിയത്.

എഴുത്തുകാരനും ഗവേഷകനുമായ ശ്യാം ബാലകൃഷ്ണന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ സംസ്ഥാനത്തോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടത്. വയനാട് സ്വദേശിയായ ശ്യാം ബാലകൃഷ്ണനെ 2014 ലാണ് പോലീസ് മാവോയിസ്റ്റാണെന്ന് സംശയിച്ച് കസ്റ്റഡിയിൽ എടുത്തത്. 2014 മേയ് 20ന് ബൈക്കിൽ സഞ്ചരിക്കുമ്പോൾ മഫ്തിയിലെത്തിയ രണ്ട് പോലീസുകാർ വഴി തടഞ്ഞ് വാഹനത്തിൻ്റെ താക്കോൽ ഊരിമാറ്റുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തിൽ ശ്യാം ബാലകൃഷ്ണനെ നഗ്നനാക്കി ദേഹപരിശോധന നടത്തി.

മാവോയിസ്റ്റുകൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണെന്നാണ് പോലീസ് അന്ന് നൽകിയ വിശദീകരണം. കേരള പോലീസിൻ്റെ പ്രത്യേക സേനയായ തണ്ടർ ബോൾട്ട് ഉദ്യോഗസ്ഥർ ശ്യാമിന്റെ വീട്ടിൽ പരിശോധന നടത്തി പുസ്തകങ്ങളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ക്രിമിനൽച്ചട്ട പ്രകാരമുള്ള നടപടിക്രമങ്ങളും ഡി കെ ബസു കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച അറസ്റ്റിനുള്ള മാർഗനിർദ്ദേശങ്ങളും പാലിക്കാതെയാണ് ഈ നടപടികളെല്ലാം പൊലീസ് സ്വീകരിച്ചത്.

നിയമവിരുദ്ധമായ അറസ്റ്റും തിരച്ചിലും പിടിച്ചെടുക്കലും തനിക്ക് വേദനയുണ്ടാക്കുകയും പ്രശസ്തിക്ക് കളങ്കമുണ്ടാക്കുകയും ചെയ്തു. ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയ്ക്കുള്ള അവകാശവും ലംഘിക്കുകയും ചെയ്തുവെന്നും ആരോപിച്ചാണ് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ മകനായ ശ്യാം ബാലകൃഷ്ണൻ റിട്ട് ഹർജി ഫയൽ ചെയ്തത്.

2015 മെയ് 22 ന് ജസ്റ്റിസ് മുഹമ്മദ് മുസ്താഖിൻ്റെ സിംഗിൾ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. നിയമപ്രകാരം ശിക്ഷാർഹമായ ഏതെങ്കിലും കുറ്റകൃത്യത്തിൽ ഹരജിക്കാരൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് ബോധ്യപ്പെടാതെ കസ്റ്റഡിയിൽ എടുത്തതിലൂടെ പോലീസ് ഹർജിക്കാരൻ്റെ സ്വാതന്ത്ര്യം ലംഘിച്ചു എന്ന് കോടതി കേസിൽ നിരീക്ഷിച്ചിരുന്നു. ” ഒരാൾ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ മാവോയിസ്റ്റ് ആയതുകൊണ്ട് മാത്രം അയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് കഴിയില്ല,” സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

2019-ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിൻ്റെ വിധി ശരിവച്ചു . ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഷ്ട്രീയ പ്രത്യയശാസ്ത്രം പുലർത്താനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൻ്റെ ഭാഗമാണെന്ന് ബെഞ്ച് വ്യക്തമാക്കി. അതനുസരിച്ച് , ഹർജിക്കാരൻ മാവോയിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചുവെന്ന സംശയത്തിൻ്റെ പേരിൽ, ഭരണകൂട അധികാരികൾക്ക് അദ്ദേഹത്തെ പീഡിപ്പിക്കാനാവില്ല എന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*