ഗവര്‍ണര്‍ ആനന്ദ ബോസിനെതിരെ പീഡന പരാതി; രാജ്ഭവന്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിക്കാരി

കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിനെതിരെയായ ലൈംഗിക പീഡന കേസില്‍ ഗുരുതര ആരോപണവുമായി പരാതിക്കാരി. അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ചു. എന്തിനാണ് അന്വേഷണത്തെ ഗവര്‍ണര്‍ ഭയപ്പെടുന്നതെന്ന് പരാതിക്കാരി ചോദിച്ചു. പരാതി നുണയാണെങ്കില്‍ ഭരണഘടന പരിരക്ഷയുടെ സുരക്ഷ തേടുന്നതെന്തിനാണ്. നിരപരാധി ആണെങ്കില്‍ ഗവര്‍ണര്‍ അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടുന്നത് എന്തിനെന്നും പരാതിക്കാരി ചോദിച്ചു.

രാജ്ഭവന്‍ ജീവനക്കാരി നല്‍കിയ ലൈംഗീക പീഡന പരാതിയിലാണ് ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ കേസെടുത്തത്. കേസിൻ്റെ അന്വേഷണത്തിനായി സിസി ടിവി ദൃശ്യങ്ങള്‍ കൈമാറാനും ചോദ്യം ചെയ്യലിന് ഹാജരാകാനും രാജ്ഭവന്‍ അധികൃതരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ അന്വേഷണവുമായി സഹകരിക്കാതിരിക്കാന്‍ ജീവനക്കാരെ രാജ്ഭവന്‍ ഭീഷണിപ്പെടുത്തുന്നതായാണ് അതിജീവിത ആരോപിക്കുന്നത്.

രാജ്ഭവന് ഉള്ളില്‍ വെച്ചാണ് വനിത ജീവനക്കാരി പീഡനത്തിന് ഇരയായതെന്ന്  പോലീസിന് മുന്നില്‍ മൊഴി ഉണ്ട്. അതിനാല്‍ കേസിൻ്റെ തുടര്‍ അന്വേഷണത്തിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതും രാജ്ഭവന്‍ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് പോലീസ് അറിയിച്ചു. കേസ് അന്വേഷിക്കാന്‍ കൊല്‍ക്കത്ത പോലീസിൻ്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

ഡെപ്യൂട്ടി കമ്മീഷണര്‍ ഇന്ദിര മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. പരാതിയില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാവില്ലെന്നും ഇന്ദിര മുഖര്‍ജി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ഗവര്‍ണറുടെ വാദം. പീഡന പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആനന്ദ ബോസ് ആരോപിച്ചു. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയില്‍ അതിജീവിത വ്യക്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*