നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമുണ്ടാക്കുന്നു; അക്ഷയ് കുമാര്‍ ചിത്രം ജോളി എല്‍എല്‍ബി3ക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നീതിന്യായ വ്യവസ്ഥയുടെ സത്യസന്ധതയെ നശിപ്പിച്ചുവെന്ന് ആരോപിച്ച് അക്ഷയ് കുമാറും അര്‍ഷാദ് വാര്‍സിയും ഒന്നിച്ചഭിനയിക്കുന്ന ജോളി എല്‍എല്‍ബി3ക്കെതിരെ പരാതി. അജ്മീര്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ചന്ദ്രാഭന്‍ ആണ് സിനിമയ്‌ക്കെതിരെ പരാതി നല്‍കിയത്. നിലവില്‍ ചിത്രത്തിൻ്റെ ചിത്രീകരണം അജ്മീറില്‍ പുരോഗമിക്കുകയാണ്.

സിനിമയിലെ നടന്‍മാര്‍ക്കും സംവിധായകനും നിര്‍മാതാവിനുമെതിരെ നല്‍കിയ പരാതിയില്‍ ഇന്ന് വാദം കേള്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയുടെ ആദ്യത്തെ രണ്ട് ഭാഗങ്ങളിലും നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്നതിനാല്‍ സിനിമയുടെ മൂന്നാമത്തെ ഭാഗത്തിൻ്റെ ചിത്രീകരണം നിര്‍ത്തിവെക്കണമെന്നും ചന്ദ്രാഭന്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമയില്‍ നിയമവിദഗ്ദരെയും ജഡ്ജിമാരെയും അവതരിപ്പിക്കുന്നതിലും ചന്ദ്രാഭന്‍ ആശങ്കപ്പെടുന്നുണ്ട്. സിനിമ യഥാര്‍ഥ സാഹര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അത്തരം ചിത്രീകരണം നീതിന്യായ വ്യവസ്ഥയ്ക്കും അഭിഭാഷകര്‍ക്കും കളങ്കമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ സിനിമാ പ്രവര്‍ത്തകര്‍ കണക്കിലെടുക്കാനാണ് പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. ജോളി എല്‍എല്‍ബിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ കണ്ടതിന് ശേഷമാണ് ഇത്തരമൊരു പരാതി നല്‍കാന്‍ ചന്ദ്രാഭന്‍ തീരുമാനിച്ചത്.

അര്‍ഷാദ് വാര്‍സിയും സൗരഭ് ശുക്ലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് 2013ലാണ് ജോളി എല്‍എല്‍ബിയുടെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. 2017ല്‍ അര്‍ഷാദിന് പകരം അക്ഷയ് കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി രണ്ടാം ഭാഗവും റിലീസായി.

Be the first to comment

Leave a Reply

Your email address will not be published.


*