ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിയെന്ന് പരാതി

കോഴിക്കോട്: ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിയെന്ന് പരാതി. വോട്ട് ചെയ്ത് ബോക്‌സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായാണ് പരാതി. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ നിന്ന് ബാലറ്റ് തിരികെയെടുത്തു. തിരികെയെടുത്ത ബാലറ്റ് കവറിലിട്ട് സീൽ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ മുതലാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാരംഭിച്ചത്. ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് അപേക്ഷ നൽകിയവരുടെ വീടുകളിലാണ് അധികാരപ്പെട്ടവരെത്തി വോട്ട് രേഖപ്പെടുത്താൻ അവസരം നൽകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*