സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കുടുംബത്തിന്റെ സ്വത്ത്‌ സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിൽ സ്വകാര്യ കമ്പനി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് പരാതി

മൂവാറ്റുപുഴ : സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ കുടുംബത്തിന്റെ സ്വത്ത്‌ സിപിഐഎം നേതാക്കളുടെ സാന്നിധ്യത്തിൽ സ്വകാര്യ കമ്പനി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശി രാജശ്രീയുടെ പരാതിയിൽ സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ അടക്കം ആറു പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഏരിയ കമ്മിറ്റി ഓഫീസിൽ വിളിച്ചു വരുത്തി ഒരു കോടിയോളം രൂപയുടെ സ്വത്ത് എഴുതി വാങ്ങിയെന്നാണ് പരാതി. പരാതിക്കാരായ രാജശ്രീയും മകളും നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായിരുന്നു.

തൃക്കരിയൂർ സ്വദേശിനിയായ ഗൗരിയുടെ പരാതിയിലാണ് സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ അടക്കം ആറു പേർക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് പ്രതികളെ ഭീഷണിപ്പെടുത്തി കുടുംബാംഗങ്ങളുടെ പേരിലുള്ള ഒരു കോടിയോളം രൂപ വില വരുന്ന സ്വത്ത്‌ എഴുതി വാങ്ങിയെന്നാണ് പരാതി. ദേഹോപദ്രവം ഏൽപ്പിച്ചതായും പരാതിയുണ്ട്. ആയുർവേദ ഉപകരണ നിർമ്മാണ കമ്പനിയാണ് സ്വത്തുക്കൾ തട്ടിയെടുത്തത്. ഗൗരിയുടെ അമ്മ രാജശ്രീ ദ്രോണി ആയുർവേദാസ് കമ്പനി ജീവനക്കാരിയായിരുന്നു.

കമ്പനിയിൽ നിന്ന് ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രാജശ്രീയെയും മകൾ ലക്ഷ്മിയെയും ജനുവരിയിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗരിയെയും പിന്നീട് പ്രതി ചേർത്തു. ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങിയ ശേഷം കമ്പനി ഉടമകൾ പോലീസിൽ പരാതി നൽകിയെന്നും അറസ്റ്റ് ചെയ്തുവെന്നുമാണ് ആരോപണം. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാർട്ടി ഓഫിസിൽ ഒത്തു തീർപ്പ് ചർച്ചകൾക്കായി ആളുകൾ വരുന്നത് സ്വാഭാവികമാണെന്നുമാണ് സിപിഐഎമ്മിന്റെ വിശദീകരണം. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായവർ നൽകിയ വ്യാജ പരാതി മാത്രമാണ് ഇതെന്ന് ആയുർവേദ കമ്പനി ഉടമകളും പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*