ഇനി ഡിജിറ്റൽ ആധാരങ്ങളുടെ കാലം; ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ്ണ ഇ- സ്റ്റാമ്പിങ് പദ്ധതി നിലവിൽ വരും

സംസ്ഥാനത്തെ ഈ വരുന്ന ഏപ്രിൽ ഒന്നു മുതൽ സമ്പൂർണ്ണ ഇ- സ്റ്റാമ്പിങ് പദ്ധതി നടപ്പിലാവുകയാണ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്ര പത്രങ്ങൾക്ക് 2017 മുതൽ ഈ സ്റ്റാമ്പിങ് നിലവിലുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾക്ക് കൂടി ഏപ്രിൽ ഒന്നുമുതൽ ഈ സ്റ്റാമ്പിങ് ആരംഭിക്കും. ഇതോടെ കേരളം സമ്പൂർണ്ണ ഈ സ്റ്റാമ്പിങ് നടപ്പിലാക്കുന്ന സംസ്ഥാനമാവും.

നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ മുദ്രപ്പത്രങ്ങള്‍ക്കുമാണ് ഇത് ബാധകമാക്കിയിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ 14 ജില്ലകളിലെ തിരഞ്ഞെടുത്ത ഓരോ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ സ്റ്റാമ്പിങ്ങ് സംവിധാനത്തിലേക്ക് മാറും. മേയ് രണ്ടാം തീയതി മുതൽ സംസ്ഥാന വ്യാപകമായി ഇത് ഏർപ്പെടുത്തുമെന്ന് റജിസ്ട്രേഷൻ മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുമ്പോഴും ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന അംഗീകൃത സ്റ്റാംപ് വെണ്ടർമാരിലൂടെ ആയിരിക്കും. ഇ-സ്റ്റാംപിങ് നടപ്പിലാക്കുന്നുണ്ടെങ്കിലും നിലവിൽ സംസ്ഥാനത്തെ ട്രഷറികളിലും സ്റ്റാംപ് വെണ്ടർമാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വിൽപന ഏപ്രിൽ ഒന്നുമുതൽ ആറുമാസകാലം തുടരാൻ സാധിക്കും.

  • ഇ-സ്റ്റാംപ് ലഭിക്കുന്ന രീതി

റജിസ്ട്രേഷൻ കേരള (https://estamp.kerala.gov.in) പോർട്ടലിൽ ലോഗിൻ ചെയ്യുന്ന വെണ്ടർ ഡിപ്പാർട്ട്മെന്റ് ഇ സ്റ്റാംപ് ഓപ്ഷൻ സെലക്ട് ചെയ്ത് ആധാര റജിസ്ടർ ചെയ്യേണ്ട വ്യക്തി നൽകുന്ന പേ സ്ലിപ്പിലെ വിവരങ്ങൾ എന്റർ ചെയ്യും. ആധാര വിവരങ്ങൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം സ്റ്റാംപ് വെണ്ടർ മുദ്രവില സ്വീകരിക്കും. മുദ്രവില ഇ-സ്റ്റാംപ് പോർട്ടലിലെ ഇ-ട്രഷറി പേയ്മെന്റ് മോഡ് വഴി സ്റ്റാംപ് വെണ്ടർക്ക് സർക്കാർ അക്കൗണ്ടിലേക്ക് അടയ്ക്കാൻ കഴിയും. യുപിഐ, കാർഡ്, വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നെറ്റ് ബാങ്കിങ് പേയ്മെന്റ് സംവിധാനം എന്നിവ ഇതിനായി ഉപയോഗിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. പേയ്മെന്റ് നടപടി പൂർത്തിയാകുമ്പോൾ ഇ-സ്റ്റാംപ് ജനറേറ്റ് ചെയ്യും. കംപ്യൂട്ടറിൽ ലഭിക്കുന്ന ഇ-സ്റ്റാംപ് പ്രിവ്യൂ സംവിധാനം ഉപയോഗിച്ച് ആധാരം റജിസ്ട്രർ ചെയ്യുന്ന വ്യക്തി നൽകിയ വിവരങ്ങളുമായി ഒത്തുനോക്കി ശരിയാണെന്ന് സ്റ്റാംപ് വെണ്ടർ ഉറപ്പു വരുത്തണം. (യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ, സർക്കാർ റഫറൻസ് നമ്പർ, സ്റ്റാംപ് വെണ്ടർ കോഡ്, ഇ-സ്റ്റാംപ് ഇഷ്യൂ ചെയ്ത തീയതിയും സമയവും, ഇ സ്റ്റാംപ് ഡ്യൂട്ടി അടച്ച തുക വാക്കുകളിലും അക്കങ്ങളിലും, ഇ സ്റ്റാംപ് നേടുന്ന വ്യക്തിയുടെ പേരും വിലാസവും എന്നിവയെല്ലാം ഇതിൽ ഉണ്ടാവും.) ശരിയാണെങ്കിൽ മാത്രം സ്റ്റാംപ് വെണ്ടർ 100 ജിഎസ്എം പേപ്പറിൽ ഇ-സ്റ്റാംപിന്റെ കളർപ്രിന്റ് എടുത്ത് നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*