“ഭാരത് കെ ലോകോം കോ നമസ്കാർ” ഓസ്കര്‍ വേദിയില്‍ ഹിന്ദിയില്‍ സംസാരിച്ച് കോനന്‍ ഒബ്രയാന്‍

97-ാമത് ഓസ്‌കർ പുരസ്‌കാര വേദിയിൽ അവതാരകനായ കോനൻ ഒബ്രയാൻ ഹിന്ദിയിൽ സംസാരിച്ച് ഏവരെയും അത്ഭുതപ്പെടുത്തി. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്ക് മുന്നിൽ ഹിന്ദിക്ക് പുറമേ സ്പാനിഷ്, മാൻഡരിൻ തുടങ്ങിയ ഭാഷകളിലും അദ്ദേഹം സംസാരിച്ചു. ചാനല്‍ അവതാരകനായും സ്റ്റാന്‍റ് അപ്പ് കൊമേഡിയനായും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് കോനന്‍. 

ലോസ് ആഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ നടന്ന പുരസ്‌കാര ചടങ്ങിൽ ഇന്ത്യൻ പ്രേക്ഷകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് കോനൻ ഹിന്ദിയിൽ സംസാരിച്ചത്. ഇന്ത്യക്കാർ ഓസ്‌കർ ചടങ്ങുകൾ കാണുന്നത് അവരുടെ പ്രഭാത ഭക്ഷണ സമയത്താണെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.

“ഭാരത് കെ ലോകോം കോ നമസ്കാർ ” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം സദസ്സിനെ അഭിവാദ്യം ചെയ്തു. “വഹാ സുഭാ ഹോ ചുക്കി ഹേ തോ മുജെ ഉമ്മീദ് ഹേ കി ആപ് ക്രിസ്പി നാഷ്തേ കേ സാത് ഓസ്കാർ ദേക്കേംഗെ” (ഇന്ത്യക്ക് ആശംസകൾ, അവിടെ രാവിലെയായിരിക്കുമല്ലോ, അതിനാൽ നിങ്ങൾ പ്രഭാത ഭക്ഷണത്തോടൊപ്പം ഓസ്കാർ ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു) തുടങ്ങിയ വാക്കുകൾ അദ്ദേഹം ഉപയോഗിച്ചു. ഇത് സദസ്സിൽ ചിരി പടർത്തി. പുരസ്‌കാര ചടങ്ങ് യു.എസ്. സമയം ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് ആരംഭിച്ചത്. ഇന്ത്യയില്‍ സമയം തിങ്കളാഴ്ച രാവിലെ 5.30 മുതലാണ്.

കോനൻ ഒബ്രയാന്റെ വിവിധ ഭാഷകളിലുള്ള പ്രാവീണ്യം ഏവരെയും അത്ഭുതപ്പെടുത്തി. ഇന്ത്യയിൽ സ്റ്റാർ മൂവീസിലും ഹോട്ട്സ്റ്റാറിലുമാണ് പുരസ്കാര ചടങ്ങ് തത്സമയം കാണാൻ സാധിച്ചത്. റോബർട്ട് ഡൗണി ജൂനിയർ, സ്കാർലറ്റ് ജോഹാൻസൺ, എമ്മ സ്റ്റോൺ, ഓപ്ര വിൻഫ്രി തുടങ്ങിയ പ്രമുഖ താരങ്ങളും അവതാരകരായി വേദിയിൽ എത്തിയിരുന്നു. കൂടാതെ ചൈനീസ് സിനിമകളിൽ അഭിനയിക്കാനുള്ള ആഗ്രഹവും കോനൻ പങ്കുവെച്ചു. ഭാഷകൾക്ക് അതീതമായ സിനിമയുടെ ആഘോഷമായി ഈ പുരസ്കാര രാവ് മാറി.

Be the first to comment

Leave a Reply

Your email address will not be published.


*