മണിപ്പൂര്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയം; ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ച് ‘ഇന്ത്യ’ സംഘം

മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ അവസ്ഥ ദയനീയമാണെന്ന് ഗവർണർ അനുസുയ യുക്കിയെ അറിയിച്ച് ‘ഇന്ത്യ’ എംപിമാരുടെ സംഘം. കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾക്ക് സൗകര്യങ്ങളുള്ള ദുരിതാശ്വാസക്യാമ്പ് ഒരുക്കാൻ പോലും സർക്കാരിനായിട്ടില്ലെന്ന് സംഘം കുറ്റപ്പെടുത്തി. ക്യാമ്പുകളിലെ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും സംഘം അനുസുയ യുക്കിയോട് ആവശ്യപ്പെട്ടു. വംശീയ കലാപം രൂക്ഷമായ സംസ്ഥാനം സന്ദർശിച്ച ശേഷമാണ് ഗവർണർക്ക് മെമ്മോറാണ്ടം സമർപ്പിച്ചത്.

‘മണിപ്പൂരിൽ 140-ലധികം മരണങ്ങൾ സംഭവിച്ചു, 500-ലധികം പേർക്ക് പരിക്കേറ്റു, 5000-ലധികം വീടുകൾ കത്തിനശിച്ചു. 60,000-ത്തിലധികം ആളുകൾ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. രണ്ട് സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം ഇതിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള തുടർച്ചയായ വെടിവയ്പ്പുകളുടെയും വീടുകൾക്ക് തീയിടുന്നതിന്റെയും റിപ്പോർട്ടുകളിൽ നിന്ന്, കഴിഞ്ഞ മൂന്ന് മാസമായി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് സംശയാതീതമായി പറയാൻ കഴിയും,’ എന്ന് മെമ്മോറാണ്ടത്തിൽ പറയുന്നു.

‘മണിപ്പൂരിൽ മൂന്ന് മാസമായി തുടരുന്ന വംശീയ കലാപത്തിന്റെ ഇരകളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും 21 എംപിമാരുടെ പ്രതിപക്ഷ പ്രതിനിധി സംഘം ശനിയാഴ്ച മണിപ്പൂരിലെത്തി. ആദ്യ ദിവസം ഇംഫാലിലെയും ബിഷ്ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലെയും ചുരാചന്ദ്‌പൂരിലെയും നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും വംശീയ സംഘർഷങ്ങൾക്കിരയായവരെ കാണുകയും ചെയ്തു. പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത്,’ എന്നും സംഘം വിമർശിച്ചു.

ഇന്ന് പത്ത് മണിക്ക് 21 അംഗ എംപിമാരുടെ സംഘം രാജ്ഭവനിൽ എത്തിയാണ് ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പരമാവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ ശ്രമിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി പ്രതിപക്ഷ എംപിമാർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*