മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; വെടിവയ്പ്പ്, നൂറോളം പേരെ മാറ്റിപാര്‍പ്പിച്ചു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപ്പൂര്‍ ജില്ലയിലാണ് ഇന്നലെ രാത്രി വീണ്ടും സംഘര്‍ഷമുണ്ടായത്. കുംകി, വാംഗോ വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇരുവിഭാഗങ്ങളും പരസ്പരം വെടിയുതിര്‍ത്തു. മേഖലയില്‍ നിന്ന് നൂറോളംപേരെ മാറ്റിപാര്‍പ്പിച്ചു. ഇവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

കലാപകാരികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വെടിവയ്പ്പിനിടെ നാലുപേരെ കാണാതായി എന്ന് റിപ്പോര്‍ട്ടുണ്ട്. ഇഞ്ചി വിളവെടുപ്പിന് പോയ സംഘത്തിലെ നാലുപേരെയാണ് കാണാതായത്. ഇവരെ കണ്ടെത്താനായുള്ള ശ്രമം തുടരുകയണെന്നും അക്രമകാരികള്‍ ഇവരെ ബന്ധികളാക്കിയോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

മണിപ്പൂരില്‍ ഭരണഘടാനവിരുദ്ധമായ ഒന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് മുഖ്യമന്ത്രി ബീരേന്‍ സിങ് ബുധനാഴ്ച പറഞ്ഞിരുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കും മയക്കുമരുന്നു ലോബികള്‍ക്കും എതിരായ സര്‍ക്കാരിന്റെ നീക്കത്തില്‍ ഭരണഘടനവിരുദ്ധമായ ഒന്നും തന്നെയില്ല. ഈ നടപടിയില്‍ ഭണഘടനവിരുദ്ധമായ എന്തെങ്കിലുമുണ്ടെന്ന് തെളിഞ്ഞാല്‍ തന്റെ സര്‍ക്കാര്‍ ഉടനടി രാജിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം മെയ് മൂന്നു മുതല്‍ ആരംഭിച്ച മണിപ്പൂര്‍ കലാപത്തില്‍ ഇതിനോടകം 180 പേര്‍ കൊല്ലപ്പെട്ടു എന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ചെറിയ ഇടവേളയ്ക്ക് ശേഷം, കഴിഞ്ഞ മാസം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*