
സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അധികാരകൈയ്യേറ്റം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായുള്ള സര്‍ക്കാര്‍- ഗവര്‍ണര്‍ പോരാട്ടത്തിന് തിരശ്ശീല വീണുവെന്നായിരുന്നു കേരളീയര്‍ കരുതിയിരുന്നത്. മുന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുണ്ടായ പോരാട്ടവും തെരുവ് യുദ്ധത്തിന്റേയും കാലം കഴിഞ്ഞെന്നും പുതിയ ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ വന്നതോടെ എല്ലാം അവസാനിച്ചെന്നു കരുതിയിരുന്നിടത്താണ് വീണ്ടും അവശബ്ദം കേട്ടുതുടങ്ങിയത്.
യു ജി സി ബില്ലിനെതിരായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനില്‍ വി സി മാര്‍ പങ്കെടുക്കാതെ വന്നതോടെയാണ് ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത്.
കേരളത്തിലും രാഷ്ട്രീയ യജമാനന്‍മാര്‍ക്കുവേണ്ടി ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. യു ജി സി കരടു നിയമത്തിനെതിരെ വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷന്റെ ചിലവ് യൂണിവേഴ്സിറ്റി വഹിക്കണമെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ചാന്‍സിലര്‍കൂടിയായ ഗവര്‍ണര്‍ രംഗത്തുവന്നതോടെയാണ് രാജ് ഭവനുമായുള്ള ഐക്യത്തില്‍ വിള്ളല്‍ വീണത്. പുതിയ ഗവര്‍ണര്‍ ചുമതല ഏറ്റതോടെ എല്ലാം ശാന്തമായെന്നു കരുതിയിരുന്നു. ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം മുഴുവന്‍ വായിക്കാന്‍ തയ്യാറായതിനെ സി പി എം സംസ്ഥാന സെക്രട്ടറിയും ചില സി പി എം നേതാക്കളും ഗവര്‍ണറെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം വെട്ടിച്ചുരുക്കിയത് വിവാദമായിരുന്നു.
സര്‍വ്വകലാശാല തൊട്ടുള്ള കളി വേണ്ടെന്ന് മുന്‍ ഗവര്‍ണറോട് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് രൂപീകരണം സംബന്ധിച്ചുള്ള തര്‍ക്കം മുതല്‍ നിരവധി വിഷയങ്ങളിലൂടെയാണ് രാജ്ഭവനും നിയമസഭയും തമ്മിലുണ്ടായിരുന്നത്. ഒടുവില്‍ ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ലും ഈ സര്‍ക്കാര്‍ പാസാക്കിയിരുന്നു. ഗവര്‍ണര്‍ -സര്‍ക്കാര്‍പോരാട്ടം എല്ലാ സീമകളും ലംഘിക്കുകയും പൊതുജന മധ്യത്തില്‍ ഏറ്റുമുട്ടലായി മാറുകയും ചെയ്തതോടെ നിരവധി ബില്ലുകള്‍ ഒപ്പിടാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയക്കുന്ന അപൂര്‍വ്വമായ നിലപാടിലേക്കുവരെ പോവുകയും ചെയ്തു. അഞ്ച് വര്‍ഷം ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ്ഖാനെതിരെ സര്‍ക്കാര്‍ പോരാട്ടം കടുപ്പിച്ചു.
കേരളത്തിലെ ഇടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുണര്‍ത്തിയ ദിനമായിരുന്നു ജനുവരി 2. കേരളാ ഗവര്‍ണറായി രാജേന്ദ്ര അര്‍ലേക്കര്‍ ചുമതയേറ്റ ദിനം. ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തിന്റെ ചുമതല ഒഴിഞ്ഞതില്‍ വലിയ ആശ്വാസത്തിലായിരുന്നു സര്‍ക്കാര്‍. സര്‍ക്കാരുമായുള്ള പോരാട്ടമല്ല തന്റെ രീതിയെന്നും സര്‍ക്കാരിനെ സഹായിക്കലാണ് തന്റെ നയമെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു പുതിയ ഗവര്‍ണര്‍. ഇതോടെ സി പി എമ്മും സംസ്ഥാന സര്‍ക്കാരിനുമുണ്ടായ ആശ്വാസത്തിന് കൈയ്യും കണക്കുമില്ലായിരുന്നു.
സര്‍വ്വകലാശാലയിലെ വി സി നിയമനത്തിലും സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിയമിച്ചതിലുമടക്കം നിരവധി വിഷയങ്ങളില്‍ രാജ് ഭവന്‍ ഇടപെട്ടിരുന്നു. സര്‍ക്കാരിനെതിരെ നിരന്തരം ഇടപെടലുണ്ടായി. ബില്ലുകള്‍ ഒപ്പിടുന്നതില്‍ തുടങ്ങിയ തര്‍ക്കം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് വളര്‍ന്നു
വ്യക്തിപരമായുള്ള പോരാട്ടമായിവരെ വിലയിരുത്തപ്പെട്ടു. സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ ശക്തമായ നിലപാട് സ്വീകരിച്ചു. കണ്ണൂര്‍ യൂണിവേള്സിറ്റി മുതല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റിവരെയുള്ള സ്ഥാപനങ്ങളില്‍ രാജ്ഭവന്‍ പിടിമുറുക്കി.
വി സി നിയമനം, ഡിന്‍ഡിക്കേറ്റ് രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ ചാന്‍സിലര്‍കൂടിയായ ഗവര്‍ണര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. സാങ്കേതിക സര്‍വ്വകലാശാലയിലടക്കമുള്ള വി സി നിയമനത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പ്രത്യേക അധികാരം വിനിയോഗിച്ച് നിയമനം നടത്തിയതും ഏറെ വിവാദമായിരുന്നു.
ആരിഫ് മുഹമ്മദ് ഖാനുമായി നിരന്തരമായി കലഹിക്കുകയും ഗവര്‍ണറെ തെരുവില്‍ തടയുന്നതടക്കമുള്ള സമരമാര്‍ഗങ്ങളായിരുന്നു സി പി എമ്മും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയും അഴിച്ചുവിട്ടിരുന്നത്.കണ്ണൂര്‍ യൂണിവേറ്റിയിലെ വി സി നിയമന വിവാദം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷിന്റെ ഭാര്യ പ്രിയവര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ നടത്തിയ വിവാദ നീക്കം തുടങ്ങി നിരധി തര്‍ക്കങ്ങളില്‍ ആരംഭിച്ച പോരാട്ടം ഒടുവില്‍ വലിയ രാഷ്ട്രീയ വിഷയമായി മാറുകായായിരുന്നു. കാലടി സംസ്‌കൃത സര്‍വ്വകലാശാലയെക്കൊണ്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഡി ഡിറ്റ് നല്‍കാനുള്ള ചാന്‍സിലറുടെ നിര്‍ദ്ദേശം നടപ്പാക്കതുമുതലുള്ള വിവാദം, സാങ്കേതിക സര്‍വ്വകലാശാലയിലെ വി സി നിയമനം തുടങ്ങി നിരവധി തര്‍ക്കള്‍ക്ക് തിരികൊളുത്തി. ഒടുവില്‍ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയര്‍ന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരാട്ടം കനത്ത സാഹചര്യത്തിലാണ് ചാന്‍ലര്‍ പദവി ഗവര്‍ണറില്‍ നിന്നും എടുത്തുമാറ്റാനുള്ള ബില്‍ അവതരിപ്പിച്ചത്. ബില്‍ ഏകകണ്ഠമായി പാസായി എങ്കിലും ബില്‍ നിയമമാവണമെങ്കില്‍ അതില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായില്ല. ആറ് ബില്ലുകള്‍ തടഞ്ഞുവച്ച ഗവര്‍ണര്‍ സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചുരംഗത്തുവന്നു.
ഗവര്‍ണര്‍ ബി ജെ പിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്ന നിരന്തര ആരോപണമായിരുന്നു സി പി എമ്മിന്. മുഖ്യമന്ത്രിയും ഗവര്‍ണറും നേരില്‍ സംസാരിക്കാന്‍പോലും തയ്യാറാവാത്ത സാഹചര്യം വരെയെത്തി തര്‍ക്കങ്ങള്‍. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതോടെ ആരിഫ് മുഹമ്മദ്ഖാന്‍ മാറുകയും ഗോവിസ്വദേശിയും മുന്‍ ബി ജെ പി നേതാവുമായ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളത്തില്‍ ഗവര്‍ണായി. രാഷ്ട്രീയമായുള്ള നിലപാടുകള്‍ക്ക് അപ്പുറം കുറച്ചുകൂടി അനുകൂലനിലപാട് സ്വീകരിക്കുന്നതായിരിക്കും പുതിയ ഗവര്‍ണറുടെ തീരുമാനങ്ങളും നയങ്ങളുമെന്നായിരുന്നു സര്‍ക്കാരും സി പി എമ്മും കരുതിയിരുന്നത്. എന്നാല്‍ രണ്ടുമാസം തികയുന്നതിന് മുന്‍പ് ആര്‍ലേക്കര്‍ക്ക് എതിരായ നിലപാട് പഴയതുതന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കയാണ്.
ഗുസ്തിക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു മുന്‍ഗവര്‍ണര്‍ ആരിഫ് ഖാനെങ്കില്‍, തന്ത്രപൂര്‍വ്വം എതിരാളികളെ നേരിടുന്ന രാഷ്ട്രീയ തന്ത്രജ്ഞനാണ് ആര്‍ലേക്കര്‍. ഗോവസ്വദേശിയും മുന്‍ ആര്‍ എസ് എസുകാരനുമായ രാജേന്ദ്ര ആര്‍ലേക്കറുടെ നീക്കം ആരിഫ് മുഹമ്മദ് ഖാന്റേതായിരിക്കില്ല. ബഹളങ്ങള്‍ക്കൊന്നും ഇടകൊടുക്കാതെ വളരെ ലാഘവത്തോടെ കേന്ദ്രസര്‍ക്കാരിന്റേയും ബി ജെ പിയുടേയും രാഷ്ട്രീയ നിലപാടുകള്‍ ഗവര്‍ണര്‍ കേരള സര്‍ക്കാരിനെ അംഗീകരിപ്പിക്കും.
പ്രഭാത സവാരിക്ക് രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ വിളിച്ചതൊക്കെ ഗവര്‍ണറുടെ വെറും നമ്പര്‍ മാത്രമെന്ന് സി പി എം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. വരും കാലത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ അത്രനല്ല ബന്ധത്തില്‍ മുന്നോട്ടു പോവില്ലെന്ന സത്യവും അവര്‍ തിരിച്ചറിയുന്നു. അതേ മധുവിധുകാലം കഴിഞ്ഞിരിക്കുന്നു, രാജ്ഭവന്‍ വീണ്ടും ശത്രു താവളമാവുന്നുവെന്നുതന്നെ സൂചനകള്‍.
Be the first to comment