സേലം: തമിഴ്നാട്ടിലെ സേലത്തെ ദീവട്ടിപ്പട്ടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദളിത് വിശ്വാസികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സമാധാന ചര്‍ച്ചയ്ക്ക് പിന്നാലെ രൂക്ഷമായ സംഘര്‍ഷം. പ്രദേശത്തെ രണ്ട് ജാതി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം തീവെപ്പിലേക്കും അക്രമത്തിലും കലാശിച്ചു. ആള്‍ക്കൂട്ടം പ്രദേശത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദീവട്ടിപ്പടിയിലെ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പിന്നാക്ക സമുദായത്തിൽപ്പെട്ടവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്ന പരാതി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവര്‍ ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് ക്ഷേത്രോത്സവം നിര്‍ത്തിവയ്ക്കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വ്യാഴാഴ്ച ദീവട്ടിപ്പട്ടിയിൽ സമാധാന യോഗം ചേർന്നിരുന്നു. പ്രദേശത്തെ ഏറ്റവും പിന്നോക്ക സമുദായമായ വണ്ണിയരും പട്ടികജാതിക്കാരായ ആദി ദ്രാവിഡരും ഉള്‍പ്പെടുന്നതായിരുന്നു സമാധാന സമിതി. യോഗം സമാധാനപരമായി അവസാനിച്ചെങ്കിലും യോഗത്തിന് പിന്നാലെ പ്രദേശത്ത് അക്രമം വ്യാപിക്കുകയായിരുന്നു. യോഗത്തിന് പിന്നാലെ ദീവട്ടിപ്പട്ടിയിലൂടെ പോകുന്ന സേലം-ബെംഗളൂരു ദേശീയപാതയ്ക്ക് ഇരുവശത്തും ഇരുവിഭാഗങ്ങളും തടിച്ച് കൂടുകയും പരസ്പരം കല്ലെറിയുകയും ആയിരുന്നുവെന്ന് പോലീസ് പറയുന്നു.
അക്രമിസംഘം പ്രദേശത്തെ രണ്ട് കടകള്‍ക്ക് തീയിട്ടു. ഇരുപതിലധികം കടകൾ തല്ലിതകര്‍ത്തു. നിരവധി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അക്രമിസംഘം തകർത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് കൂടുതല്‍ പോലീസ് സംഘമെത്തി ലാത്തിചാര്‍ജ്ജ് നടത്തിയതിന് ശേഷമാണ് അക്രമികള്‍ പിരിഞ്ഞ് പോയത്. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തതായി സേലം ജില്ലാ പോലീസ് സൂപ്രണ്ട് (എസ്പി) എ.കെ. അരുൺ കബിലൻ മാധ്യമങ്ങളെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊതുമുതൽ നശിപ്പിച്ചവരെ തിരയുകയാണെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രദേശത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അക്രമത്തെ തുടര്‍ന്ന് സേലം-ബെംഗളൂരു ദേശീയ പാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
Be the first to comment