ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

ന്യൂഡല്‍ഹി: ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് വസതിയില്‍ ഗംഭീര സ്വീകരണമൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ഇന്ത്യന്‍ ടീം രാവിലെ പതിനൊന്ന് മണിയോടെയാണ് ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലെത്തിയത്. പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ച ശേഷം ടീമംഗങ്ങളുമായുള്ള കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ലോകചാമ്പ്യന്‍മാര്‍ക്കൊപ്പമുള്ള ചിത്രവും മോദി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചു. നമ്മുടെ ചാമ്പ്യന്‍മാര്‍ക്കൊപ്പം മികച്ച ഒരു ഒത്തുചേരലെന്നായിരുന്നു കൂടിക്കാഴ്ചയെ മോദി വിശേഷിപ്പിച്ചത്. ടൂര്‍ണമെന്റിലെ അവിസ്മരണീയമായ അനുഭവങ്ങള്‍ അവര്‍ പങ്കുവച്ചെന്നും മോദി പറഞ്ഞു.

‘ചാമ്പ്യന്‍സ്’ എന്ന് എഴുതിയ പ്രത്യേക വിജയ ജേഴ്സിയണിഞ്ഞാണ് ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍നിന്ന് ടീം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചു. അവിടെ നിന്ന് ഓപ്പണ്‍ പരേഡിനായി ടീം മുംബൈയിലേക്ക് തിരിക്കും.

അതേസമയം, ലോകകപ്പ് നേട്ടത്തിന് പിന്നാലെ രാജ്യാന്തര ടി20യില്‍ നിന്ന് വിരാട് കോഹ് ലി, ടീമംഗങ്ങള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം സാമുഹിക മാധ്യമത്തില്‍ പങ്കിട്ട അദ്ദേഹം ഈ കൂടിക്കാഴ്ച വലിയ ആദരവാണെന്നും പറഞ്ഞു.

ബാര്‍ബഡോസില്‍ നിന്ന് രാവിലെ ആറു മണിയോടെയാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ എത്തിയത്. പ്രതികൂല കാലാവസ്ഥയിലും നൂറ് കണക്കിനാളുകളാണ് ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാനായി എത്തിയത്. പിന്നാലെ ഐടിസി മൗര്യ ഹോട്ടലിലേക്ക് പോയ ഇന്ത്യന്‍ ടീം വിമാനത്താവളത്തിനും ഹോട്ടലിനും പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകര്‍ക്കൊപ്പം കിരീട വിജയം ആഘോഷിച്ചു. ഹോട്ടലില്‍ തയ്യാറാക്കിയ പ്രത്യേക കേക്ക് ഇന്ത്യന്‍ സംഘം മുറിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*