കെജ്രിവാള്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടത്തിയത് 382 കോടിയുടെ അഴിമതി;ആരോപണവുമായി കോണ്‍ഗ്രസ്

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ നടന്നത് വന്‍ അഴിമതിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട അഴിമതികള്‍ ഒരോന്നായി പുറത്ത് വിടും എന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ആരോഗ്യമേഖലയില്‍ 382 കോടിയുടെ അഴിമതി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഡല്‍ഹിയിലെ പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല. ആശുപത്രികളില്‍ മതിയായ ജീവനക്കാര്‍ ഇല്ല. ആശുപത്രികള്‍ക്കയി ചിലവഴിച്ച തുക രേഖകളില്‍ മാത്രമൊതുങ്ങുകയാണ്. അരവിന്ദ് കെജ്രിവാളിനെതിരെ 14 സി എ ജി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും അജയ് മാക്കന്‍ പറഞ്ഞു.

കെജ്രിവാളുമായി ചില അഴിമതികള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്നും വരും ദിവസങ്ങളില്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അജയ് മാക്കന്‍ പറഞ്ഞു. അഴിമതിയ്‌ക്കെതിരെ പോരാടുമെന്ന് പറഞ്ഞാണ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് ഡല്‍ഹിയുടെ ഭരണം പിടിച്ചെടുത്തത്. അന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നത് കോണ്‍ഗ്രസിനെതിരായ സിഎജി റിപ്പോര്‍ട്ടായിരുന്നു. ഇന്ന് അതേ കെജ്രിവാളിനെതിരെ 14 സിഎജി റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഇതിന് എന്ത് മറുപടിയുണ്ടെന്നും അജയ് മാക്കന്‍ ചേദിച്ചു.

ഡല്‍ഹിയിലെ മൂന്ന് ആശുപത്രികളിലായി ടെന്‍ഡറിനേക്കാള്‍ 382.52 കോടി രൂപ അധികമായി ചെലവഴിച്ചതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് വിധാന്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ആം ആദ്മി സര്‍ക്കാര്‍ മടിച്ചതെന്തെന്നും കോണ്‍ഗ്രസ് ആരാഞ്ഞു. ആം ആദ്മി സര്‍ക്കാരിന്റെ ഭരണകാലത്ത് പത്ത് വര്‍ഷം കൊണ്ട് വെറും മൂന്ന് ആശുപത്രികള്‍ മാത്രമാണ് നിര്‍മിക്കപ്പെട്ടത്. അതിന്റെ പോലും നിര്‍മാണം കോണ്‍ഗ്രസ് ആണ് ആരംഭിച്ചതെന്നും അജയ് മാക്കന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*