ഇൻഡോർ: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് ലോക്സഭാ സ്ഥാനാർത്ഥി പാർട്ടി വിട്ടു. മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി അക്ഷയ് ബാം ആണ് മത്സരം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. ബിജെപി എംഎൽഎൽ രമേശ് മെൻഡോലയ്ക്കൊപ്പം കളക്ടറുടെ ഓഫീസിലെത്തിയ അക്ഷയ് ബാം സ്ഥാനാർത്ഥിത്വം പിൻവലിച്ചു. ബിജെപി എംപി ശങ്കർ ലാൽവാനിക്കെതിരെയാണ് കോൺഗ്രസ് അക്ഷയ് ബാമിനെ ഇറക്കിയത്. മെയ് 13ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയെ ഞെട്ടിച്ച് സ്ഥാനാർത്ഥിയുടെ ചുവടുമാറ്റം.
സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംബാനിയുടെ പത്രിക തള്ളിയതിന് പിന്നാലെയാണ് കോൺഗ്രസിന് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിയെ പിന്തുണച്ച മൂന്ന് പേരും പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് അറിയിച്ചതോടെയാണ് നിലേഷിൻ്റെ പത്രിക ഇലക്ഷൻ കമ്മീഷൻ തള്ളിയത്. കോൺഗ്രസിൻ്റെ പകരക്കാരനായ സ്ഥാനാർത്ഥി സുരേഷ് പദ്ലസയുടെ പത്രികയും റിട്ടേണിങ് ഓഫീസർ തള്ളി. ഇയാളെ നിർദ്ദേശിച്ചവരും പിന്മാറിയതോടെയാണ് ഈ നാമനിർദ്ദേശപത്രികയും തള്ളിയത്. ഇതോടെ സൂറത്തിൽ നിന്ന് മത്സരിക്കാൻ പാർട്ടിക്ക് സ്ഥാനാർത്ഥി ഇല്ലാതായിരുന്നു.
Be the first to comment