കോട്ടയം പാര്‍ലമെന്‍റ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ജില്ലാ കോണ്‍ഗ്രസ് നേതൃത്വം

കോട്ടയം : കോട്ടയം പാര്‍ലമെന്‍റ് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ആവശ്യപ്പെട്ട് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം. വിജയസാധ്യതയുളള സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കണമെന്ന നിര്‍ദേശം ജില്ലയില്‍ നിന്നുളള പ്രധാന നേതാക്കള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തോട് പങ്കുവച്ചതായാണ് വിവരം. പാര്‍ലമെന്‍റ് ജയത്തിന് പ്രാപ്തനായ സ്ഥാനാര്‍ഥി ജോസഫ് ഗ്രൂപ്പിലില്ലെന്ന വികാരമാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പലരും പങ്കുവയ്ക്കുന്നത്.

ഒരു വര്‍ഷം പഴക്കമുളള പിണക്കമെല്ലാം മറന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം ശശി തരൂരിനെ കോട്ടയം ഡിസിസി ഓഫീസിലേക്ക്  പ്രസിഡന്‍റ്  നാട്ടകം സുരേഷ് ക്ഷണിച്ചിരുന്നു. കെ.സി.ജോസഫും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെ ജില്ലയിലെ പ്രധാന നേതാക്കളെല്ലാം തരൂരിനെ സ്വീകരിക്കാന്‍ മുന്നിലുണ്ടായിരുന്നു. ഗ്രൂപ്പ് താല്‍പര്യങ്ങളുടെ പേരിലും വ്യക്തി താല്‍പര്യങ്ങളുടെ പേരിലും പല ചേരികളുളള കോട്ടയത്തെ കോണ്‍ഗ്രസില്‍ പാര്‍ലമെന്‍റ്  തിരഞ്ഞെടുപ്പിനെ കുറിച്ചുളള ചര്‍ച്ചകളില്‍ ഏതാണ്ട് എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്.

സംസ്ഥാനത്ത് യുഡിഎഫിന് ഏറ്റവുമധികം വിജയസാധ്യതയുളള സീറ്റുകളിലൊന്നായ കോട്ടയത്ത് കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഒരു സ്ഥാനാര്‍ഥി ഉണ്ടാകണമെന്ന കാര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം രൂപപ്പെട്ടിരിക്കുന്നത്. മുന്നണിയില്‍ വിവാദങ്ങള്‍ ഉയരുമെന്നതിനാല്‍ ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ തല്‍ക്കാലം ആരും തയാറല്ലെന്ന് മാത്രം.

Be the first to comment

Leave a Reply

Your email address will not be published.


*