ബ്രിട്ടീഷുകാരില്‍ നിന്ന് മോചിതരായത് ആര്‍എസ്എസിന് കീഴില്‍ ആകാനല്ല; രാഹുല്‍ ഗാന്ധി

സുല്‍ത്താന്‍ ബത്തേരി: ആര്‍എസ്എസ്-കോണ്‍ഗ്രസ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. രാജ്യം ബ്രിട്ടീഷുകാരില്‍ നിന്നും മോചനം നേടിയത് ആര്‍എസ്എസുകാരുടെ കീഴില്‍ ആകാനല്ല. സാധാരണക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. അതാണ് ബിജെപിയുമായുള്ള വ്യത്യാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടില്‍ റോഡ് ഷോയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

‘രാഷ്ട്രീയത്തിനപ്പുറം സ്‌നേഹം നല്‍കുന്നതിന് വയനാട്ടുകാര്‍ക്ക് നന്ദി. വയനാട് എന്റെ കുടുംബവും നിങ്ങള്‍ എന്റെ കുടുംബത്തിലെ അംഗങ്ങളുമാണ്. ഒരു കുടുംബത്തിലെ സഹോദരനും സഹോദരിക്കും വ്യത്യസ്ത രാഷ്ട്രീയമായിരിക്കാം. അതിന്റെ അര്‍ത്ഥം അവര്‍ക്ക് പരസ്പരം സ്‌നേഹമോ ബഹുമാനമോ ഇല്ലായെന്നല്ല. മറ്റു മനുഷ്യരെ ബഹുമാനിക്കുന്നതില്‍ നിന്നാണ് രാഷ്ട്രീയം തുടങ്ങുന്നത്. ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. ഒറ്റരാജ്യം, ഒറ്റ ഭാഷ, ഒരു നേതാവ് എന്നാണ് ബിജെപിയും പ്രധാനമന്ത്രിയും പറഞ്ഞുകൊണ്ടിരിക്കുന്നത്. രാജ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ തെറ്റിദ്ധാരയാണത്. ഭാഷയെന്നത് മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കുന്നയൊന്നല്ല. മനുഷ്യന്റെ ഹൃദയത്തില്‍ നിന്നും ഉരുതിരിഞ്ഞുവരുന്നതാണ്. മലയാളം ഹിന്ദിയേക്കാള്‍ താഴെയാണെന്ന് മലയാളികളോട് പറഞ്ഞാല്‍ ഇത് മലയാളികളെയും മലയാളത്തെയും അപമാനിക്കുന്നതിന് തുല്യമാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ വന്യ ജീവി പ്രശ്‌നം പരിഹരിക്കാന്‍ ഒപ്പമുണ്ടാകും. സങ്കീര്‍ണ്ണമായ പ്രശ്‌നമാണ്. വയനാട്ടില്‍ വരുന്നത് വീട്ടില്‍ വരുന്നത് പോലെ. അമ്മയോട് പത്ത് ദിവസം വയനാട്ടില്‍ താമസിക്കാന്‍ പറയും. ഒരു മാസം താമസിക്കണമെന്നുണ്ടെന്നും പക്ഷേ തണുപ്പ് പ്രശ്‌നമാണെന്നും പറയും. നിലമ്പൂര്‍ നഞ്ചകോട് റെയില്‍വേ അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ സാധിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വയനാടിനെ അപമാനിക്കുന്നു. മെഡിക്കല്‍ കോളജ് പ്രശ്‌നം വേഗം പരിഹരിക്കാന്‍ കഴിയും, മുഖ്യമന്ത്രിക്ക് ഒരുപാട് തവണ കത്തെഴുതി, പക്ഷേ നടന്നില്ല.’ എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ പുരോഗമിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരിയിലാണ് ആദ്യ റോഡ് ഷോ. വന്‍ ജനാവലിയാണ് റോഡ് ഷോയിലുള്ളത്. രാഹുലിനൊപ്പം വാഹനത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ മാത്രമാണുള്ളത്. റോഡ് ഷോയില്‍ ഒരു പാര്‍ട്ടിയുടെയും കൊടി ഉപയോഗിച്ചിട്ടില്ല. പകരം ബലൂണുകളും പ്ലക്കാര്‍ഡുകളുമാണ് ഉപയോഗിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*