ബെംഗളൂരു: കർണാടകയിൽ നിർണായക നീക്കവുമായി കോൺഗ്രസ് സര്‍ക്കാര്‍. സമഗ്ര ജാതി സെൻസസ് റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കർണാടക പിന്നാക്ക വികസന കമ്മിഷൻ ചെയർമാൻ ജയപ്രകാശ് ഹെഗ്ഡെയാണ് റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്. കർണാടകയിൽ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ജാതി സെൻസസ് നടപ്പാക്കും എന്നതായിരുന്നു. പ്രതിഷേധവുമായി ജാതി സംഘടനകൾ രംഗത്തെത്തി.
റിപ്പോർട്ട് സ്വീകരിച്ചാൽ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ലിംഗായത്ത് സഭ നേതൃത്വം വ്യക്തമാക്കി. നേരത്തെ വൊക്കലിഗ – ലിംഗായത്ത് വിഭാഗങ്ങളിലെ എംഎൽഎമാർ പാർട്ടി വ്യത്യാസം ഇല്ലാതെ റിപ്പോർട്ടിന് എതിരെ രംഗത്ത് വന്നിരുന്നു. കൃത്യമായി ഓരോ ജാതിവിഭാഗത്തിനും റിപ്പോർട്ടിൽ പ്രാതിനിധ്യം നൽകിയിട്ടില്ലെന്നായിരുന്നു ആരോപണം. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അടക്കമുള്ള നേതാക്കൾ വിവിധ സമുദായ നേതാക്കളുമായി സമവായ ചർച്ച നടത്തി വരികയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാതി സെൻസസ് റിപ്പോർട്ട് നിർണായകം ആകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇതിനാലാണ് നടപടികളുമായി മുന്നോട്ട് പോകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചത്. ഇതിന് എതിരെ കോൺഗ്രസിൽ തന്നെ എതിർപ്പുകൾ ഉണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാൽ ജാതി സെൻസസ് റിപ്പോർട്ടിലെ വിവരങ്ങൾ എപ്പോൾ പുറത്തുവിടും എന്നതും നിർണായകമാണ്.
Be the first to comment