കോൺഗ്രസിന് ചരിത്രത്തിൽ തെറ്റ് പറ്റിയിട്ടുണ്ട്, തെറ്റ് തിരുത്തി മുന്നോട്ട് പോവും: രാഹുൽ ഗാന്ധി

ലഖ്‌നൗ: സ്വാതന്ത്രാനന്തര ചരിത്രത്തിൽ ഭരണത്തിലിരിക്കെ കോൺഗ്രസിനും തെറ്റ് പറ്റിയിട്ടുണ്ടന്നും എന്നാൽ ഇനി അങ്ങോട്ടുള്ള യാത്രയിൽ തെറ്റ് തിരുത്തിയാവും പാർട്ടി മുന്നോട്ട് പോകുക എന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഖ്‌നൗവിൽ നടന്ന രാഷ്ട്രീയ സംവിധാൻ സമ്മേളൻ റാലിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. വരും കാലത്ത് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ പാർട്ടിയിൽ കൊണ്ട് വരേണ്ടതുണ്ട്. തെറ്റ് തിരുത്തി മുന്നോട്ട് പോകുന്ന സമീപനമാണ് പണ്ട് മുതൽ പാർട്ടിക്കുള്ളത്. താൻ ഈ പറയുന്നത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്നാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ലഖ്‌നൗവിൽ നടന്ന പ്രസംഗത്തിൽ ബിജെപിയെയും നരേന്ദ്രമോദിയെയും കോൺഗ്രസ് നേതാവ് വിമർശിച്ചു. രാജ്യത്തിന്റെ താല്പര്യങ്ങൾക്ക് മേലെ നിരന്തരം തെറ്റ് ആവർത്തിക്കുന്ന ബിജെപിയും നരേന്ദ്രമോദിയും അത് തിരുത്തുകയോ അതിൽ പശ്ചാത്തപിക്കുകയോ ചെയ്യുന്നില്ലെന്നും രാഹുൽ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ തുറന്ന സംവാദത്തിന് തയ്യാറാണെന്നും എന്നാൽ അദ്ദേഹം അതിന് തയ്യാറാവില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

തന്നോട് സംവാദം നടത്താൻ ബുദ്ധിമുട്ടാണെങ്കിൽ പകരം കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖർഗെയുമായി സംവാദത്തിനൊരുങ്ങാൻ മോദി തയ്യാറാവണമെന്നും രാഹുൽ പറഞ്ഞു. നേരത്തെ മുൻ ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരടക്കമുള്ള സംഘം മോദിയെയും രാഹുലിനെയും ഒരുമിച്ച് സംവാദത്തിന് വിളിച്ചിരുന്നു. രാഹുൽ പങ്കെടുക്കാമെന്ന് അറിയിച്ചെങ്കിലും നരേന്ദ്ര മോദി വിഷയത്തിൽ ഇത് വരെ പ്രതികരിച്ചിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*