പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്

ദില്ലി: രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകും.

കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പ്രതികരിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്.

കൂടുതല്‍ കുട്ടികളുണ്ടാകുന്ന വിഭാഗമെന്നും, നുഴഞ്ഞുകയറ്റക്കാരെന്നും അധിക്ഷേപിച്ചാണ് മുസ്ലീങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുന്നു എന്ന് അവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീംങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും.

അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്‍റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്‍ കുട്ടികളുണ്ടാകുന്ന, നുഴഞ്ഞു കയറ്റക്കാരായ ഇവരിലേക്ക് രാജ്യത്തിന്‍റെ സമ്പത്ത് പോകുന്നതിനെ അനുകൂലിക്കുന്നുണ്ടോയെന്നായിരുന്നു വോട്ടര്‍മാരോടുള്ള മോദിയുടെ ചോദ്യം. മോദിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയ‍‍ര്‍ത്തുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*