
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തുവന്ന തരൂരിനെ ഇനി കോൺഗ്രസ് എന്തു ചെയ്യും. തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണിപ്പോൾ കോൺഗ്രസ് നേതൃത്വം. കേരളത്തിലെ കോൺഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും, സംഘടനാപരമായി ദൗർബല്യം നേരിടുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നുമാണ് തരൂർ ഉന്നയിച്ചരിക്കുന്ന പ്രധാന ആരോപണം. ദേശീയതലത്തിൽ ബി ജെ പി ക്കുള്ള രാഷ്ട്രീയമായ ചടുലത കോൺഗ്രസിന് ഇല്ലെന്നും തരൂർ ആരോപണം ഉന്നയിക്കുന്നു.
നിലവിലുള്ള ഭാരവാഹികളെ മുൻ നിർത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്നായിരുന്നു തരൂരിന്റെ പ്രധാന ആരോപണം. ഈ വിഷയത്തിൽ ഇടപെടാൻ ഹൈക്കമാന്റും തീരുമാനിച്ചിരിക്കയാണ്. ദീപാദാസ് മുൻഷിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനസംഘടന വേഗത്തിലാക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. തരൂരിന്റെ ആരോപണങ്ങളെ നേരിടാനായി കേരളത്തിലെ കെ പി സി സി അധ്യക്ഷനേയും ഡി സി സി ഭാരവാഹികളേയും മാറ്റാനാണ് ഹൈക്കമാൻഡ് തീരുമാനം. കെ പി സി സി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള സന്നദ്ധത കെ സുധാകരന്റെ നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന വാർത്തകൾ.
നേതൃമാറ്റത്തിലൂടെ കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യം കുറച്ചുകാലമായി ഹൈക്കമാൻഡിനുമുന്നിലുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിൽ നിരവധി പേരുകൾ നിർദേശിച്ചതോടെയാണ് പുനഃസംഘടന വൈകിയിരുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി ഗ്രൂപ്പ് നേതാക്കളെ നേരിൽ കണ്ട് ചർച്ചകൾ നടത്തിയെങ്കിലും അന്തിമ തീരുമാനം ഉണ്ടാക്കാൻ കഴിയാതെ വരികയായിരുന്നു. തരൂർ വിഷയം സംസ്ഥാനത്തെ കോൺഗ്രസിനേയും ഒപ്പം യു ഡി എഫിനേയും ബാധിച്ചതായുള്ള വിലയിരുത്തലാണ് കോൺഗ്രസ് പുനസംഘടനയ്ക്ക് പെട്ടെന്നു വഴിയൊരുങ്ങുന്നത്. തരൂർ ഉന്നയിച്ച പ്രധാന ആരോപണം കോൺഗ്രസ് നേതൃത്വം ദുർബലമാണെന്നാണ്. ഇത് ദേശീയ നേതൃത്വത്തിനും വ്യക്തമാണ്. തനിക്ക് എന്ത് ചുമതലയാണ് എ ഐ സി സി നേതൃത്വം നൽകുകയെന്ന് തരൂർ ചോദ്യം ഉയർത്തുന്നത് വ്യക്തമായ ലക്ഷ്യത്തോടെതന്നെയാണ്. മുഖ്യപരിഗണന ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുകയെന്ന നിലപാടാണ് തരൂർ അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
തരൂർ ബി ജെ പിയിൽ ചേരുന്നതിനുള്ള വഴിയാണ് തേടുന്നതെന്നായിരുന്നു ദേശീയതലത്തിൽ ഉയർന്ന ആരോപണം. എന്നാൽ ബി ജെ പി തന്റെ ഓപ്ഷനല്ലെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്. മോദിയുടെ അമേരിക്കൻ സന്ദർനത്തെ പുകഴ്ത്തിയ തരൂരിന്റെ നിലപാടിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ ബി ജെ പിയിലേക്കെന്ന വാർത്ത പ്രചരിക്കാൻ കാരണം.
സിപിഐഎമ്മിനെതിരെ വിമർശനം തൊടുത്തുവിടുകയും ഒപ്പം പ്രകീർത്തിക്കുകയും ചെയ്യുന്ന തരൂർ കേരളത്തിലെ കോൺഗ്രസിന് ഒരിക്കലും സിപിഐഎമ്മിനെപോലെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വിമർശനം ഉന്നയിച്ചിരിക്കയാണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ തരൂർ പരസ്യമായി വിമർശിച്ച് രംഗത്തുവന്നിട്ടും എ ഐ സി സി നേതൃത്വം വിഷയത്തിൽ രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ തയ്യറായിട്ടില്ല. സംഘടനാപരമായ അച്ചടക്കലംഘനമാണ് തരൂർ നടത്തിയിരിക്കുന്നതെന്ന് ഐ ഐ സി സി നേതൃത്വം വിലയിരുത്തിയെങ്കിലും തല്ക്കാലം ഒരു നടപടിയും വേണ്ടെന്നാണ് തീരുമാനം. തരൂരിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്നാണ് ഹൈക്കമാഡിന്റേയും നിലപാട്.
കേരളത്തിലെ വ്യവസായ വളർച്ചയെ പ്രകീർത്തിച്ച് ഒരു ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനമാണ് തരൂരിനെ വിവാദനായകനാക്കി മാറ്റിയത്. കേരളത്തിലെ വ്യവസായ വളർച്ചയേയും ലേഖനത്തിൽ പുകഴ്ത്തിയ തരൂർ കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ലേഖനം തിരുത്തണമെന്നുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം തരൂർ തള്ളിയിരുന്നു. തന്റെ അറിവുവച്ചാണ് ലേഖനം എഴുതിയതെന്നും തെളിവുകൾ തന്നാൽ തിരുത്താമെന്നുമായിരുന്നു തരൂരിന്റെ നിലപാട്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തരൂർ. ഇത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഭരണത്തിൽ തിരിച്ചെത്താനുള്ള സാധ്യതയ്ക്ക് കരിനിഴൽ വീഴ്ത്തുകയാണ് തരൂരിന്റെ നിലപാടുകൾ എന്നാണ് നേതാക്കളുടെ ആരോപണം. എന്നാൽ കോൺഗ്രസിൽ തനിക്ക് മികച്ച പിന്തുണയുണ്ടെന്നും, ജനം എന്നെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നുമാണ് തരൂർ വ്യക്തമാക്കിയിരിക്കുന്നത്.
കോൺഗ്രസിനോട് വിടപറഞ്ഞാൽ പിന്നെ എങ്ങോട്ട് എന്ന ചോദ്യത്തിന് വ്യക്തതവരുത്തുകയാണ് തരൂർ. എഴുത്തും പ്രസംഗവുമായി ലോകത്താകമാനം സഞ്ചരിക്കുമെന്നാണ് തരൂർ പറയുന്നത്. വിവാദ അഭിമുഖത്തിന്റെ പൂർണ രൂപം പുറത്തുവന്നതോടെ എന്താണ് തരൂർ ലക്ഷ്യമിടുന്നതെന്ന് ഏറെക്കുറെ വ്യക്തമാക്കുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി കസേരയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തത വരുത്തിയിരിക്കുന്നു. അന്ധമായ രാഷ്ട്രീയമല്ല താൻ ഉയർത്തുന്നതെന്നും, വികസനം മാത്രമാണ് തന്റെ രാഷ്ട്രീയമെന്നുമാണ് തരൂർ പറയുന്നത്.
കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നില്ലെന്ന ആരോപണം തരൂരിന് നേരത്തെ ഉണ്ടായിരുന്നു. തന്റെ അറിവും പുരോഗമനപരമായ വികസന കാഴ്ചപ്പാടും രാജ്യ നന്മയ്ക്കായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. അതിനുള്ള വഴിയാണ് താൻ ആരായുന്നത്. തന്നെ പരിഗണിച്ചില്ലെങ്കിൽ കോൺഗ്രസിനൊപ്പം ഉണ്ടാവില്ലെന്ന വ്യക്തമായ സൂചനകളാണ് ശശി തരൂർ നൽകുന്നത്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം പുറത്തുവന്നതോടെ കോൺഗ്രസിനും കേരളരാഷ്ട്രീയത്തിൽ കൂടുതൽ ഇടപെടാൻ താൽപര്യം പ്രകടിപ്പിക്കുന്ന തരൂർ മുഖ്യമന്ത്രി കസേരതന്നെയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുകയാണ്. കോൺഗ്രസിന് തന്നെ വേണമെങ്കിൽ ഉപയോഗിക്കാം അല്ലെങ്കിൽ താൻ തന്റെ വഴിക്കുപോകുമെന്നും സമയം ചിലവഴിക്കാൻ മറ്റു മാർഗമുണ്ടെന്നുമാണ് തരൂർ അഭിമുഖത്തിൽ പറയുന്നത്.
സിപിഐഎമ്മിനേയും ബിജെപിയേയും വിമർശിക്കുമ്പോഴും ഇരു പാർട്ടികളേയും പുകഴ്ത്താനും തരൂർ മടികാണിക്കുന്നില്ലെന്നും ശ്രദ്ധേയമാണ്. രണ്ട് തിരഞ്ഞെടുപ്പുകളിലും സിപിഐഎം നന്നായി പ്രവർത്തിച്ചുവെന്നും കോൺഗ്രസിന് ഒരിക്കലും സിപി ഐഎമ്മിനെപോലെ പ്രവർത്തിക്കാൻ കഴിയില്ലെന്നുമാണ് തരൂർ പറയുന്നത്. കമ്യൂണിസ്റ്റുകൾ കാലത്തിന് പിന്നിലെന്നാണ് വിമർശനം. വിദേശ സർവകലാശാലാ വിഷയത്തിൽ സിപിഐഎം കൈക്കൊണ്ട നിലപാട് പിന്തിരിപ്പനായിരുന്നു. കംപ്യൂട്ടറിനെയും മൊബൈൽ ഫോണിനേയും എതിർത്തവരാണ് കമ്യൂണിസ്റ്റുകളെന്നും തരൂർ ആരോപിച്ചിരുന്നു. ബിജെപിയുടെ ആർജവം കോൺഗ്രസിന് ഒരിക്കലും ഇല്ലെന്നും തരൂർ വിമർശിക്കുന്നത്.അഭിമുഖത്തിന്റെ പൂർണ രൂപം കോൺഗ്രസിന് വലിയ തലവേദനയായി മാറുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും സ്ഫോടനാത്മകമായ ആരോപണങ്ങളൊന്നും അഭിമുഖത്തിൽ ഇല്ലെന്നത് കോൺഗ്രസിനും ആശ്വാസകരമാണ്.
Be the first to comment