കോൺഗ്രസ് നേതാവും കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് പാർട്ടിവിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് തീരുമാനമെന്ന് രഘുനാഥ് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു രഘുനാഥ്. പാർട്ടി തന്നെ ഒറ്റപ്പെടുത്തുകയാണെന്നും നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയുമാണ് പാർട്ടി വിടാനുള്ള കാരണമെന്നും രഘുനാഥ് പറഞ്ഞു.
നേതൃത്വത്തിന്‍റെ അവഗണനയിൽ മനംമടുത്താണ് രാജി വെക്കുന്നത്. ഗതികെട്ടാണ് ധർമടത്ത് സ്ഥാനാർത്ഥിയായതെന്നും കെപിസിസി അധ്യക്ഷനെന്ന നിലയിൽ കെ.സുധാകരനെക്കൊണ്ട് ഗുണമുണ്ടായില്ലെന്നും രഘുനാഥ് തുറന്നടിച്ചു. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയിരുന്നു രഘുനാഥ്. രണ്ട് ദിവസം മുന്നെയാണ് രഘുനാഥ് രാജികത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയത്.
ഏറെകാലമായി പാർട്ടി എന്നെ അവഗണിക്കുകയാണ്. പല കാര്യങ്ങളും പാർട്ടിക്കുള്ളിൽ പറയുന്നുണ്ട്, പക്ഷേ ഒറ്റപ്പെടുത്തുകയും തഴയപ്പെടുകയും ചെയ്തു. ധർമ്മടത്ത് യുഡിഎഫ് സംഘടിപ്പിച്ച വിചാരണ സദസ്സിൽ പോലും പങ്കെടുപ്പിച്ചില്ല. സിപിഎമ്മിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചയാളാണ് താൻ. പുതിയ ജില്ലാ നേതൃത്വം എത്തിയതിന് ശേഷം പാർട്ടിയിൽ തന്നെയും അനുയായികളെയും പൂർണ്ണമായും തഴഞ്ഞു. ഇങ്ങനെയുള്ള നേതൃത്വത്തോടൊപ്പം ഒത്തുപോകാനാവില്ലെന്ന് രഘുനാഥ് പറഞ്ഞു.
Be the first to comment