കോഴിക്കോട് : കേരളത്തിലെ മന്ത്രിമാര്‍ അര്‍ജുന്‍ രക്ഷാ ദൗത്യം നടക്കുന്ന ഷിരൂരിലേക്ക് പോകാന്‍ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പോയ ദിവസം കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസം ആവുമായിരുന്നു. സ്ഥലം എംഎല്‍എയായ എ കെ ശശീന്ദ്രന്‍ ഇന്നാണ് ഷിരൂരിലേക്ക് പോകുന്നത്.
മന്ത്രിമാര്‍ പോകാന്‍ വൈകിയത് ദൗര്‍ഭാഗ്യകരമാണെന്നും കെ മുരളീധരന്‍ പറഞ്ഞു. സ്വന്തം നിയോജക മണ്ഡലം അല്ലെങ്കിലും മഞ്ചേശ്വരം എംഎല്‍എ അവിടെ തുടരുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്ന് ഷിരൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാദൗത്യത്തിന്റെ സ്ഥിതി അവലോകനം ചെയ്യും. ഇക്കാര്യം ചൂണ്ടികാട്ടിയാണ് കെ മുരളീധരന്‍റെ പ്രതികരണം. തിരച്ചില്‍ വൈകിയതില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമായി ഇതിനെ കാണരുത്. ദേശീയപാത നിര്‍മ്മാണത്തിലെ അപാകത കേരളത്തിലും പ്രതിഫലിക്കും. അര്‍ജുന്റേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണം ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. ഉണ്ടായ ദുരന്തത്തേക്കാള്‍ വേദനിപ്പിക്കുന്നതാണ് ഇത്തരം ദുരന്തങ്ങള്‍. അത് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം എന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്ന് അര്‍ജുന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.
വാര്‍ത്താസമ്മേളനത്തിനിടെ അര്‍ജുന്റെ അമ്മ ഷീല പറഞ്ഞ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകള്‍ക്കെതിരെയാണ് ചേവായൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ, സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണം നടക്കുന്നതായും അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Be the first to comment