കോണ്‍ഗ്രസിനെ പറ്റി അങ്ങനെ പറയാന്‍ മോദി ജോത്സ്യനാണോ; പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. അതുപറയാന്‍ മോദി ജോത്സ്യനാണോ എന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 400 സീറ്റ് നേടുമെന്നും യുപിയില്‍ കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടുമെന്നായിരുന്നു മോദിയുടെ അഭിപ്രായം. യുപിയിലെ ജനങ്ങള്‍ രാജവംശ രാഷ്ട്രീയം അംഗീകരിക്കില്ലെന്നും നെഹ്‌റു കുടുംബത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരയാണ് പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ എന്താണ് ചെയ്തതെന്ന് പരിശോധിക്കുക. കോണ്‍ഗ്രസ് ചെയ്തത് എന്താണ് എന്ന് മനസ്സിലാക്കുക. എന്നിട്ട് ജനങ്ങള്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും പ്രിയങ്ക പറഞ്ഞു. ഭരണഘടന മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നവരില്‍ നിന്ന് ജനാധിപത്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ജയിക്കും. രണ്ട് മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയും കിഷോരി ലാല്‍ ശര്‍മയും വന്‍ഭൂരിപക്ഷത്തോടെ ലോക്‌സഭയിലെത്തും.

ഈ രണ്ട് മണ്ഡലങ്ങളിലും ജനങ്ങള്‍ക്ക് കോണ്‍ഗ്രസുമായുള്ള ബന്ധം രാഷ്ട്രീയത്തിനതീതമാണ്. ഓരോ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും ഇത് പാര്‍ട്ടിക്ക് ഉള്‍ക്കൊള്ളാനാകും. സ്മൃതി ഇറാനി അമേഠിയില്‍ മത്സരിക്കുന്നത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് മാത്രമാണ്. അല്ലാതെ ഈ മണ്ഡലവുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല. അമേഠിയിലുള്ള ജനങ്ങളുമായി അവര്‍ക്ക് ആത്മബന്ധമുണ്ടാക്കാന്‍ 40 വര്‍ഷത്തോളം കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*