‘ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു’; വയനാട്ടിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ‘നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, നിങ്ങള്‍ എന്നും എന്റെ തന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കും’ വയനാട്ടുകാര്‍ക്കയച്ച കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

തനിക്ക് സങ്കടമുണ്ട്, ഏറ്റവും ആവശ്യമുള്ളപ്പോള്‍ നിങ്ങളെനിക്ക് സംരക്ഷണം നല്‍കി ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടര്‍ന്നും കൂടെയുണ്ടാകും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യര്‍ഥിച്ച് അഞ്ചുവര്‍ഷം മുന്‍പ് നിങ്ങളുടെ മുന്‍പിലേക്ക് വരുമ്പോള്‍ താന്‍ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചു.

രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങള്‍. തന്റെ പോരാട്ടത്തിന്റെ ഊര്‍ജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറഞ്ഞു.

വയനാടിനെ പ്രതിനിധീകരിക്കാന്‍ തന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി ഉണ്ടാകും, എംപി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് തനിക്കു ഉറപ്പുണ്ടെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു. തനിക്ക് നല്‍കിയ സ്നേഹം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും താന്‍ അധിക്ഷേപം നേരിട്ടപ്പോള്‍ വയനാട്ടിലെ ജനങ്ങളുടെ സ്നേഹം തന്നെ സംരക്ഷിച്ചെന്നും രാഹുല്‍ ഗാന്ധി കുറിച്ചു.

രാജ്യത്തുടനീളം പ്രചരിക്കുന്ന വിദ്വേഷത്തെയും അക്രമത്തെയും പരാജയപ്പെടുത്തുക എന്നതാണ് തന്റെ പ്രതിബദ്ധതയെന്നും പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു മാതാവിനെ പോലെ ചേര്‍ത്തണച്ച വയനാടിനൊടൊപ്പം എന്നും താന്‍ കൂടെയുണ്ടാകുമെന്ന് വാക്ക് നല്‍കുന്നുവെന്നും പറഞ്ഞാണ് രാഹുല്‍ ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*