കേരളത്തിൽ ഭരണസ്തംഭനം; സംസ്ഥാനത്ത് ഡിജിപിയുണ്ടോയെന്ന് സംശയമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാൽ കേരളത്തിൽ ഭരണസ്തംഭനമാണെന്നും വരൾച്ച, പകർച്ചവ്യാധി തുടങ്ങിയവ പെരുകിയിട്ടും യാതൊരു നടപടിയും സർക്കാർ എടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. ഗുണ്ടാ പ്രവർത്തനങ്ങൾ തടയുന്നതിന് നടപടികളില്ല എന്നും ചെന്നിത്തല വിമർശിച്ചു. ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും അഴിഞ്ഞാടുന്നു, ഗുണ്ടാ വിളയാട്ടം പെരുകുമ്പോൾ പൊലിസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്നു എന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഡിജിപിയുണ്ടോ എന്ന് സംശയമാണെന്നും ഉണ്ടെങ്കിൽ തന്നെ ഡിജിപി ആരെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പരിഹസിച്ചു. അറിയപ്പെടുന്ന ഗുണ്ടകളെല്ലാം ജയിലിന് പുറത്താണ്. ഗുണ്ടകളാണ് ഇപ്പോൾ കേരളം നിയന്ത്രിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി മൂന്നാഴ്ച വിദേശത്തായിട്ടും ഭരണ നിർവഹണത്തിന് ബദൽ സംവിധാനമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ ഈ വർഷം ഇത് വരെ 142 കൊലപാതകങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു.

പ്ലസ് വൺ സീറ്റ് വിഷയത്തിലും ചെന്നിത്തല പ്രതികരിച്ചു. എസ്എൽസി പാസായ നൂറുകണക്കിന് കുട്ടികൾ ആശങ്കയിലാണെന്നും പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മലബാറിൽ മാത്രമല്ല മറ്റു സ്ഥലങ്ങളിലും പ്രവേശനത്തിന് പ്രതിസസന്ധിയുണ്ട്. മാനേജ്മെൻ്റുകൾ പ്ലസ് വൺ പ്രവേശനത്തിന് കോഴ വാങ്ങുന്ന പ്രവണത ഏറുന്നുവെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ എടുക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*