കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (54) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നാളെ രാവിലെ 7 ന് ഡിസിസി ഓഫീസിൽ പൊതുദർശനം. സംസ്കാരം 11.30 ന് പയ്യാമ്പലത്ത് നടക്കും.

വി എസ് അച്യുതാനന്ദനെതിരെ മലമ്പുഴയില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതോയെയാണ് പാച്ചേനി കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. കെ എസ് യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവര്‍ത്തിച്ചു. 2016 മുതല്‍ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു അദ്ദേഹം. 

തളിപ്പറമ്പിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു ജനനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്. മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനാണ്.

പാച്ചേനി സർക്കാർ എൽ പി സ്കൂൾ, ഇരിങ്ങൽ യുപി സ്കൂൾ, പരിയാരം സർക്കാർ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂർ കോളജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടി. കണ്ണൂർ സർക്കാർ പോ‌ളിടെക്നിക്കിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.

തളിപ്പറമ്പ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജീവനക്കാരിയായ കെ വി റീനയാണ് ഭാര്യ. മക്കൾ: ജവഹർ, സാനിയ.

Be the first to comment

Leave a Reply

Your email address will not be published.


*