
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്ലാനിന് പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നു. ഭരണം പിടിക്കാനുള്ള പ്ലാന്‍ 63 എന്ന ആശയത്തെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പിന്തുണച്ചിരിക്കുന്നത്. പ്ലാന്‍ 63 കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ അവതരിപ്പിച്ചപ്പോള്‍ എ.പി അനില്‍കുമാര്‍ അതിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ ആശയം രാഷ്ട്രീയ കാര്യ സമിതിയില്‍ മുന്നോട്ടുവച്ചതില്‍ തെറ്റില്ലെന്ന് ഒരു കൂട്ടം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് മത്സരിക്കുന്ന 90ലേറെ സീറ്റുകളില്‍ നിന്ന് 63 സീറ്റുകള്‍ പ്രത്യേകമായി തെരഞ്ഞെടുത്ത് ചിട്ടയായി പ്രവര്‍ത്തിച്ച് ഭരണമുറപ്പിക്കുക എന്നതായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ വി ഡി സതീശന്‍ മുന്നോട്ടുവച്ച ആശയം. എന്നാല്‍ ഇത് ചര്‍ച്ചയ്ക്കായി വച്ചതിനെ ശക്തമായ ഭാഷയില്‍ എ.പി അനില്‍കുമാര്‍ ചോദ്യം ചെയ്തു. എന്ത് സര്‍വെയുടെ പിന്‍ബലത്തിലാണ് വി ഡി സതീശന്‍ ഇത് പറയുന്നതെന്ന് ഉള്‍പ്പെടെ അനില്‍ കുമാര്‍ ചോദിച്ചിരുന്നു. എന്നാല്‍ ആശയം ചര്‍ച്ചക്കായി വെച്ചതിനെ എതിര്‍ത്തത് ശരിയായില്ലെന്നാണ് ഇപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
എ.പി അനില്‍കുമാറിന്റെ വിമര്‍ശനങ്ങള്‍ക്ക് ആസൂത്രിത സ്വഭാവം ഉണ്ടെന്ന് വി ഡി സതീശന്‍ സംശയം ഉന്നയിക്കുന്നു. ഇത്തരമൊരു ആശയം രാഷ്ട്രീയ കാര്യ സമിതിയില്‍ അല്ലാതെ മറ്റ് എവിടെയാണ് അവതരിപ്പിക്കുകയെന്ന് സതീശന്‍ അനുകൂലികള്‍ ചോദിക്കുന്നു. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച പോര് ഇതുവരെ അവസാനിച്ചിട്ടില്ല.
Be the first to comment