അതിരമ്പുഴ: യു ഡി എഫ് ഭരണത്തിലുള്ള ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ മുൻ പ്രസിഡന്റ് ശ്രമിക്കുന്നതായി കോൺഗ്രസ് നേതൃത്വത്തിന് പരാതി. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിലാണ് മുൻ പ്രസിഡൻറ് ബിജു വലിയമലയ്ക്കെതിരെ കോൺഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നല്കിയിരിക്കുന്നത്. ഇരുവരും കോൺഗ്രസ് പ്രതിനിധികളാണ്.
ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം അലങ്കോലപ്പെടുത്തുകയും ചീഫ് അക്കൗണ്ട് സി മുരളീധരനെയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫിനെയും ഭീഷണിപ്പെടുത്തിയെന്നും യുഡിഎഫിന്റെ കെട്ടുറപ്പിനെ തകർക്കാനാണ് ബിജുവിന്റെ ശ്രമമെന്നും പരാതിയിൽ പറയുന്നു.
ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരണ വേളയിൽ പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം ചേർന്ന് ബിജു വലിയമല ബജറ്റ് പാസാക്കാൻ തടസ്സം നിന്നിരുന്നു. ഒടുവിൽ ഡിസിസി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇത് മുന്നണിക്ക് വലിയ അവമതിപ്പുണ്ടാക്കിയെന്നും പരാതിയിലുണ്ട്. ബിജു വലിയമലയുടെ നേതൃത്വത്തിൽ നടക്കുന്ന വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ശിക്ഷാ നടപടി സ്വീകരിക്കണമെന്നുമാണ് സജി തടത്തിലിന്റെ ആവശ്യം.
അതേ സമയം ആരോപണങ്ങൾ ശരിയല്ലെന്ന് ബിജു വലിയമല പറയുന്നു. ആഗസ്റ്റ് 11 ന് പഞ്ചായത്ത്തല മാലിന്യ നിർമാർജനം സംബന്ധിച്ച യോഗം നടന്നിരുന്നു. ഈ സമയത്ത് തന്നെ ധനകാര്യ സ്റ്റാൻഡിങ് യോഗം നടത്തി. ഇത് ശരിയല്ലെന്നും യോഗം മാറ്റി വയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. ജനപ്രതിനിധികൾക്ക് ഇക്കാര്യങ്ങൾ അറിയില്ലെങ്കിൽ ഉദ്യോഗസ്ഥർ പറഞ്ഞു കൊടുക്കണമെന്നും പറഞ്ഞു. മറ്റു ആരോപണങ്ങളൊന്നും ശരിയല്ലെന്നുമാണ് ബിജു വലിയമല പറയുന്നത്.
ഓഗസ്റ്റ് 11നു നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ബിജു ഫയലുകൾ വലിച്ചെറിഞ്ഞ് യോഗം അലങ്കോലപ്പെടുത്തിയെന്നും കാണിച്ച് ഹെഡ് അക്കൗണ്ടന്റും വൈസ് പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയിരുന്നു.. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേരാൻ തീരുമാനിച്ചെങ്കിലും ബിജുവും മറ്റുള്ളവരും നോട്ടിസ് കൈപ്പറ്റിയില്ല. തുടർന്ന് ഇവരുടെ വീടുകളിലെത്തി നോട്ടിസ് പതിപ്പിക്കുകയായിരുന്നു.
ഗ്രാമപഞ്ചായത്ത് രൂപികരിച്ചതു മുതൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഭരണം യു ഡി എഫാണ് നിലനിർത്തികൊണ്ടിരിക്കുന്നത്. കോൺഗ്രസിലെ ധാരണ പ്രകാരം ബിജു വലിയമലയിൽ നിന്നാണ് മാസങ്ങൾക്ക് മുൻപ് സജി തടത്തിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
Be the first to comment