ആന്റണിയെ തിരിച്ചെത്തിക്കാന്‍ നീക്കം; കോണ്‍ഗ്രസില്‍ ഉന്നതാധികാര സമിതി വരും

കോട്ടയം: സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറി വിശ്രമ ജീവിതം നയിക്കുന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നേതൃത്വത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം. സംസ്ഥാനത്ത് നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഇതിനായി ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തി വരികയാണ് നേതാക്കള്‍.

കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കാന്‍ ഇടപെട്ട ഹൈക്കമാന്‍ഡ്, പതിനൊന്ന് അംഗ ഉന്നതാധികാര സമിതി രൂപീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളെ ഈ ഉന്നതാധികാര സമിതിയുടെ നേതൃത്വത്തിലാവും കോണ്‍ഗ്രസ് നേരിടുക.

ഉന്നതാധികാര സമിതിയുടെ ഭാഗമാവാന്‍ സംസ്ഥാനത്തെ നേതാക്കള്‍ ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തി വരികയാണെന്നാണ് വിവരം. സംസ്ഥാനത്തു നിന്നുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുന്‍ കെപിസിസി അധ്യക്ഷന്മാര്‍, ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരാവും സമിതിയില്‍ അംഗങ്ങളാവുക.

എകെ ആന്റണി, കെസി വേണിഗോപാല്‍, ശശി തരൂര്‍, രമേശ് ചെന്നിത്തല, കെസുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എംഎം ഹസന്‍, കെ മുരളീധരന്‍, വിഡി സതീശന്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാവുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു

ആന്റണി സമിതിയുടെ ഭാഗമാവും എന്നു തന്നെയാണ് നേതാക്കള്‍ കരുതുന്നത്. എണ്‍പത്തിനാലുകാരനായ ആന്റണി തെരഞ്ഞെടുപ്പു രാഷ്ടീയത്തിലേക്ക് ഇനിയില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്നു തവണ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായ ആന്റണി 2022 ഏപ്രിലില്‍ രാജ്യസഭാ കാലാവധി തീര്‍ന്നതിനെത്തുടര്‍ന്നാണ് ഡല്‍ഹിയില്‍നിന്നു കേരളത്തിലേക്കു മടങ്ങിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ പ്രചാരണത്തിന് എത്തിയെങ്കിലും സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കുകയാണ് ആന്റണി.

Be the first to comment

Leave a Reply

Your email address will not be published.


*