എന്‍ഡിഎ സര്‍ക്കാരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. അബദ്ധത്തില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ഖര്‍ഗെ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ ഒരു ന്യൂനപക്ഷ സര്‍ക്കാരിനെയാണ് തിരഞ്ഞെടുത്തതെന്നും ഏത് സമയത്തും അത് താഴെ വീഴാമെന്നും ഖര്‍ഗെ പറഞ്ഞു. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം.

നേരത്തെയും ഖര്‍ഗെ സമാനമായ പ്രതികരണം നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, ഉചിതമായ സമയത്ത് ഇന്‍ഡ്യാ മുന്നണി ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു ഖര്‍ഗെ പ്രതികരിച്ചത്. അതേസസമയം ഖര്‍ഗെ മനപൂര്‍വ്വം രാഷ്ട്രീയകുഴപ്പം ഉണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പ്രതികരിച്ചു. ഇന്‍ഡ്യ സഖ്യം എന്‍ഡിഎയില്‍ നിന്ന് ഉടന്‍ തന്നെ അധികാരം പിടിച്ചെടുക്കുമെന്ന സൂചന നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതയും നടത്തിയിരുന്നു.

‘പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും ഇത്തവണ സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നു. 400 ലോക്‌സഭാ സീറ്റുകള്‍ സംസാരിച്ചവര്‍ക്ക് കേവല ഭൂരിപക്ഷം പോലും നേടാന്‍ കഴിഞ്ഞില്ല. ഈ തട്ടിക്കൂട്ട് സര്‍ക്കാര്‍ പതിനഞ്ചു ദിവസമെങ്കിലും നിലനില്‍ക്കുമോ എന്ന് ആര്‍ക്കറിയാം?’ എന്നായിരുന്നു മമതാ ബാനര്‍ജിയുടെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*