തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍കൂര്‍ തന്ത്രങ്ങളുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: തലസ്ഥാന നഗരസഭയില്‍ നിന്ന് ഏറെക്കുറെ തുടച്ച് നീക്കപ്പെട്ട നിലയിലായ കോണ്‍ഗ്രസ് വരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മുന്‍നിര നേതാക്കളെ ഇറക്കി തിരിച്ച് വരവിനൊരുങ്ങുന്നു. 100 അംഗ നഗരസഭയില്‍ നിലവിലെ ഒറ്റയക്ക സംഖ്യയില്‍ നിന്ന് ഭരണത്തിലേറുക എന്ന മാന്ത്രിക സംഖ്യയിലേക്കെത്താനുള്ള മുന്നൊരുക്കങ്ങള്‍ക്കാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്.

നിലവില്‍ കോണ്‍ഗ്രസിന് എട്ടും യുഡിഎഫിന് പത്തും അംഗങ്ങളാണുള്ളത്. ഇതിനായി തിരുവനന്തപുരം നഗരസഭ പ്രദേശത്തെ സ്ഥിര താമസക്കാരയ മൂന്ന് മുന്‍ എംഎല്‍എമാരെ മത്സര രംഗത്തിറക്കാനാണ് നീക്കം. മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍, മുന്‍ എംഎല്‍എമാരായ കെഎസ് ശബരീനാഥന്‍, എംഎ വാഹിദ് എന്നിവരോട് മത്സരരംഗത്തിറങ്ങാനും നഗരസഭ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാനും എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കി.

2026 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ നാല് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നും എല്‍ഡിഎഫില്‍ നിന്നു തിരിച്ച് പിടിക്കണമെങ്കില്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച വച്ചേ മതിയാകൂ എന്നത് കൂടി കണക്കിലെടുത്താണ്, മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്‌തമായി അതീവ ഗൗരവമായി തന്നെ കോണ്‍ഗ്രസ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ സമീപിക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെപിസിസി നേരത്തെ ചുമതലയേല്‍പ്പിച്ച എഐസിസി സെക്രട്ടറിയും കുണ്ടറ എംഎല്‍എയുമായ പിസി വിഷ്‌ണുനാഥ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി അദ്ദേഹം തിരുവനന്തപുരം നഗരസഭാ പരിധിയിലെ സംഘടനാ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി നേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കി.

തിരുവനന്തപുരം നഗരസഭാ പരിധിയില്‍പ്പെട്ട കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സംഘടനാ നില ഏറെക്കൂറെ തൃപ്‌തികരമാണെങ്കിലും നേമം, വട്ടിയൂര്‍കാവ്, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ഭൂരിഭാഗവും നിര്‍ജീവമാണെന്ന റിപ്പോര്‍ട്ടാണ് വിഷ്‌ണുനാഥ് നേതൃത്വത്തിനു നല്‍കിയത്.

ദുര്‍ബ്ബലമായ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പൂര്‍ണമായും നീക്കം ചെയ്‌ത് അടിയന്തിരമായി ഇവിടങ്ങളില്‍ പുനസംഘടന നടത്തണമെന്നാണ് വിഷ്‌ണുവിന്‍റെ റിപ്പോര്‍ട്ട്. മാത്രമല്ല, ഈ പ്രദേശങ്ങളില്‍ നേതാക്കള്‍ തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളും പടലപ്പിണക്കങ്ങളും തീര്‍ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് കാലതാമസം പാടില്ലെന്നാണ് വിഷ്‌ണുനാഥിന്‍റെ നിലപാട്.

ശിവകുമാര്‍, കെഎസ് ശബരീനാഥന്‍, എംഎ വാഹിദ് എന്നിവര്‍ ഇപ്പോഴും ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് സൂചന. മൂന്നുപേര്‍ക്കും കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യമെന്നും നേതൃത്വത്തെ അറിയിച്ചു.

എന്നാല്‍ ഇപ്പോള്‍ കോര്‍പ്പറേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിജയസാധ്യത കണക്കിലെടുത്ത് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും കെസി വേണുഗോപാല്‍ മൂവരെയും അറിയിച്ചു. ഇതിനുപുറമേ കെപിസിസി ഭാരവാഹികള്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെയും മത്സരിപ്പിക്കുന്നത് സജീവ പരിഗണനയിലാണ്.

പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചയിലെ മുഖവും കെപിസിസി സെക്രട്ടറിയും ജവഹര്‍ ബാല്‍ മഞ്ച് ദേശീയ ചെയര്‍മാനുമായ ജിവി ഹരി, കെപിസിസി സെക്രട്ടറിമാരായ ജോണ്‍ വിനേഷ്യസ്, കെ എസ് ഗോപകുമാര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികളായ ജെഎസ് അഖില്‍, മണക്കാട് രാജേഷ്, എംഎസ് നുസൂര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വിനോദ് യേശുദാസ്, കൈമനം പ്രഭാകരന്‍, തിരുവല്ലം പ്രസാദ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ഗായത്രി ആര്‍ നായര്‍, സംസ്ഥാന വൈസ് പ്രസിഡന്‍റ് ലക്ഷ്‌മി അനില്‍ തുടങ്ങിയവരെ രംഗത്തിറക്കും.

വിഎസ് ശിവകുമാറിനെ അദ്ദേഹം താമസിക്കുന്ന ശാസ്‌തമംഗലം വാര്‍ഡില്‍ മത്സരിപ്പിക്കാനാണ് നീക്കം. ശബരീനാഥനെ ശാസ്‌തമംഗലത്തോ കവടിയാറിലോ മത്സരിപ്പിക്കും. എംഎ വാഹിദിനെ ഇപ്പോള്‍ താമസിക്കുന്ന കുന്നുകുഴി വാര്‍ഡിലിറക്കാനാണ് ആലോചന.

ശിവന്‍കുട്ടി തിരുവനന്തപുരം മേയറായിരുന്നപ്പോള്‍ എംഎ വാഹിദ് പാളയം വാര്‍ഡില്‍ നിന്ന് മത്സരിച്ച് വിജയിച്ച് കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജിവി ഹരിക്ക് നിയമസഭയില്‍ നേമം നിയമസഭാ മണ്ഡലത്തിലാണ് നോട്ടമെങ്കിലും അതേ മണ്ഡലത്തിലെ കാലടി വാര്‍ഡില്‍ മത്സരിക്കാനാണ് പാര്‍ട്ടി നിര്‍ദേശം. എംസ് നുസൂറിനെ കോവളത്തോ മുല്ലൂരിലോ മത്സരിപ്പിക്കും. നേമം ഷജീറിനോട് നേമം, പൊന്നുമംഗലം, കാരയ്ക്കാമണ്ഡപം വാര്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനണ് നിര്‍ദേശം.

2010ലെ കോര്‍പ്പറേഷന്‍ തെഞ്ഞെടുപ്പ് വരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് മുഖ്യ പ്രതിപക്ഷമായിരുന്നെങ്കിലും 2015 മുതല്‍ ബിജെപി കോണ്‍ഗ്രസിനെ പിന്നിലാക്കി മുഖ്യ പ്രതിപക്ഷമാക്കി. 2010ല്‍ യുഡിഎഫിന് 40 സീറ്റുമായി മികച്ച പ്രകടനം കാഴ്‌ചവയ്ക്കാനായിരുന്നു. അന്ന് ബിജെപിക്ക് അഞ്ച് കൗണ്‍സിലര്‍മാരെ മാത്രമാണ് വിജയിപ്പിക്കാനായത്. എന്നാല്‍ 2015ല്‍ ബിജെപി മുഖ്യ പ്രതിപക്ഷമായി. അവര്‍ 2010ലേതിനേക്കാള്‍ 29 സീറ്റ് അധികം നേടി 35 സീറ്റിലെത്തി.

യുഡിഎഫ് 19 സീറ്റ് നഷ്‌ടപ്പെട്ട് 21ലെത്തി. 2020ല്‍ ബിജെപി 35 സീറ്റുകളും നിലനിര്‍ത്തി. യുഡിഎഫിന് ലഭിച്ചത് വെറും 10 സീറ്റുകള്‍ മാത്രം. കയ്യിലിരുന്ന 11 സീറ്റുകള്‍ നഷ്‌ടപ്പെട്ടു. പരമ്പരാഗത യുഡിഎഫ് മേഖലകള്‍ മിക്കതും എല്‍ഡിഎഫും ബിജെപിയും പിടിച്ചെടുത്തതോടെ ആകെയുള്ളതിന്‍റെ വെറും പത്തിലൊന്നായി യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒതുങ്ങേണ്ടി വന്നു.

അവിടെ നിന്നും ഭരണത്തിലേക്കുള്ള കുതിപ്പിന് അത്യധ്വാനം വേണമെന്ന തിരിച്ചറിവില്‍ ഒട്ടും വൈകാതെ ഒരുങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. ലക്ഷ്യം എല്‍ഡിഎഫിനെയും ബിജെപിയും തോല്‍പ്പിച്ച് ചരിത്ര വിജയവും.

തിരുവനന്തപുരം കോർപ്പറേഷനിലെ 2020ലെ കക്ഷി നില:

സീറ്റ് എണ്ണം
ആകെ സീറ്റ് 100
എല്‍ഡിഎഫ് 52
ബിജെപി 35
യുഡിഎഫ് 10
സ്വതന്ത്രര്‍ 2

Be the first to comment

Leave a Reply

Your email address will not be published.


*