
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറിയില്‍ അനുനയ നീക്കങ്ങള്‍ നടത്തുന്നതിനിടെ വിമതര്‍ക്കെതിരെ നടപടിയുമായി സ്പീക്കര്‍. രാജ്യസഭാതിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹിമാചല്‍ സ്പീക്കര്‍ അയോഗ്യരാക്കി. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യശര്‍മ എന്നീ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്.
കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറ് എം.എല്‍.എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു’ സ്പീക്കര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞു കോണ്‍ഗ്രസിന് ഉറച്ച ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് പാര്‍ട്ടിയുടെ ആറ് എം.എല്‍.എ.മാരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരും കൂറുമാറിയതോടെ രാജ്യസഭതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി മനു അഭിഷേക് സിംഘ്വി പരാജയപ്പെട്ടിരുന്നു. മുതിര്‍ന്നനേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പി.സി.സി. അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമാണ് ഹിമാചലിലെ വിമത നീക്കത്തിന് പിന്നില്‍.
രാജ്യസഭാ തിരഞ്ഞെടുപ്പിലെ കൂറുമാറ്റത്തിന് പിന്നാലെ പ്രതിഭാ സിങിന്റെ മകനും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യസിങ് രാജിവെച്ച് വിമത ഭീഷണിയുയര്‍ത്തിയിരുന്നെങ്കിലും ഹൈക്കമാന്‍ഡിന്റെ ഇടപെടലില്‍ നിലപാടില്‍ അയവ് വരുത്തിയിരുന്നു. തര്‍ക്കം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കിടയിലും കൂറുമാറിയവര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതിന്റെ ഭാഗമാണ്അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി.
Be the first to comment