ഗൂഢാലോചന കേസ്; സ്വപ്ന സുരേഷിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: തനിക്കെതിരായ ഗൂഢാലോചനകേസുകൾ റദ്ധാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കെ.ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസും പാലക്കാട്ട് കസബ പോലീസ് എടുത്ത കേസും നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ. 

ഹർജിയിൽ കഴിഞ്ഞ ദിവസം കെ.ടി  ജലീലിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങുന്ന സത്യവാങ്മൂലം സ്വപ്ന സുരേഷ് സമർപ്പിച്ചിരുന്നു. ജലീൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യു.എ.ഇ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ സത്യവാങ്മൂലത്തിലുണ്ട്. 

അതേ സമയം മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കേസുകൾ റദ്ധാക്കാനാകില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. അതേസമയം സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ്  ആവശ്യപ്പെടാൻ എന്തവകാശമെന്ന് സരിത എസ് നായരോട് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത ആൾക്കെങ്ങനെ രഹസ്യമൊഴിപ്പകർപ്പ് ആവശ്യപ്പെടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.സ്വപ്നയുടെ രഹസ്യമൊഴിപ്പകർപ്പ്  ആവശ്യപ്പെട്ടുള്ള സരിത എസ് നായരുടെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിയിട്ടുണ്ട്. നിലവിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ  കോടതി ഇഡിയോട് ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*